റിയാദ്: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം മലയാളം മിഷന്‍ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം സൗദിഅറേബ്യ ചാപ്റ്റര്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ അഫ്‌സാന ഷായും (അല്‍ഖസീം) ജൂനിയര്‍ വിഭാഗത്തില്‍ ശ്രാവണ്‍ സുധീറും (ദമ്മാം) സീനിയര്‍ വിഭാഗത്തില്‍ നാദിയ നൗഫലും (ജിദ്ദ) ഒന്നാം സ്ഥാനം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ സൗപര്‍ണിക അനില്‍ (ദമ്മാം), ആഞ്ജലീന മരിയ ജോഷി (റിയാദ്) ജൂനിയര്‍ വിഭാഗത്തില്‍ ഇഹ്‌സാന്‍ ഹമദ് മൂപ്പന്‍ (ദമ്മാം), അല്‍ന എലിസബത്ത് ജോഷി (റിയാദ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേഹാ പുഷ്പരാജാണ് (റിയാദ്) നേടിയത്. മലയാളം മിഷന്‍ സൗദി ചാപ്റ്ററിനു കീഴിലുള്ള റിയാദ്, ദമ്മാം, ജിദ്ദ, അല്‍ഖസീം, തബൂക്ക്, നജ്‌റാന്‍, അബഹ, ജിസാന്‍ എന്നീ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 തോളം വിദ്യാര്‍ത്ഥികളാണ് ചാപ്റ്റര്‍ തല മത്സരത്തില്‍ പങ്കെടുത്തത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തില്‍ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടയും കവിതകളാണ് മത്സരാര്‍ത്ഥികള്‍ ചൊല്ലിയത്. പാലക്കാട് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.പി.മുരളീധരന്‍, എഴുത്തുകാരായ സബീന. എം .സാലി, ടോണി.എം. ആന്റണി, പി.ശിവപ്രസാദ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ചെയര്‍മാന്‍ താഹ കൊല്ലേത്ത് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കാവ്യാലാപന മത്സരത്തിന്റെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ വിശദീകരിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് പ്രദീപ് കൊട്ടിയം, കണ്‍വീനര്‍ ഷിബു തിരുവനന്തപുരം, വൈസ് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു. വിദഗ്ധ സമിതി വൈസ് ചെയര്‍മാന്‍ ഡോ.രമേശ് മൂച്ചിക്കല്‍, അംഗങ്ങളായ സീബ കൂവോട്, വി.കെ.ഷഹീബ എന്നിവര്‍ മത്സര പരിപാടികള്‍ നിയന്ത്രിച്ചു. വിദഗ്ധ സമിതി ചെയര്‍പേഴ്‌സണ്‍ ഷാഹിദ ഷാനവാസ്, റഫീഖ് പത്തനാപുരം, നിഖില സമീര്‍, പ്രിയ വിനോദ്, സാജിദ മുഹമ്മദ് അലി, സുരേഷ് ലാല്‍, നിഷ നൗഫല്‍, ഷാനവാസ് കളത്തില്‍, പി.കെ.ജുനൈസ്, ഉബൈസ് മുസ്ഥഫ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സൗദി ചാപ്റ്റര്‍ തല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികള്‍ക്ക് സൗദി ചാപ്റ്റര്‍ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നല്‍കുകയും ആഗോള തല ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന്ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫനും ഷാഹിദ ഷാനവാസും അറിയിച്ചു.
‘സുഗതാഞ്ജലി’ ആഗോളതല മത്സരം മലയാളം മിഷന്‍ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തില്‍ നവംബറില്‍ നടത്തും. ആഗോള തല ഫൈനല്‍ മത്സരത്തില്‍ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും മലയാളം മിഷന്‍ നല്‍കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.