റിയാദ്: സൗദി അറേബ്യയിലെ മെഗാ പ്രോജക്ടുകളില്‍ എഞ്ചിനീയര്‍മാര്‍ക്ക് മികച്ച അവസരം ഉണ്ടെന്ന് മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയേഴ്‌സ് ഫോറം. എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് തൊഴില്‍ കണ്ടെത്താല്‍ സഹായം നല്‍കുമെന്നും എഞ്ചിനീയേഴ്‌സ് ഫോറം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴില്‍ തേടി സൗദിയിലെത്തുന്ന എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് തൊഴില്‍ കണ്ടെത്തുക, സാങ്കേതിക മേഖലയില്‍ കൂടുതല്‍ നൈപുണ്യം നേടുന്നതിന് സഹായിക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം. രാജ്യത്ത് നടപ്പിലാക്കുന്ന മെഗാ പ്രോജക്ടുകളിലേക്ക് യോഗ്യരായ എഞ്ചിനീയര്‍മാരുടെ അഭാവമുണ്ട്. ഇവിടങ്ങളില്‍ മലയാളികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സംഘടനക്ക് സഹായിക്കാന്‍ കഴിയുമെന്നും സംഘാടകര്‍ പറഞ്ഞു.
എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടും പഠിച്ച മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിയാത്ത നിരവധി മലയാളികള്‍ സൗദിയിലുണ്ട്. പുതിയ തൊഴില്‍ വിസയിലെത്തി ജോലി തേടുന്നവരും ധാരാളമാണ്. ഇവര്‍ക്ക് ആവശ്യമായ അവബോധവും മാര്‍ഗനിര്‍ദേശവും നല്‍കി മികച്ച ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് കൂട്ടായ്മ പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനകം 40 പേര്‍ക്ക് എഞ്ചിനീയര്‍ തസ്തികയില്‍ തൊഴില്‍ കണ്ടെത്തി. വീട്ടമ്മമാരായി സൗദിയിലെത്തിയ എഞ്ചിനീയറിംഗ് ബിരുദ ധാരികളും ധാരാളമുണ്ട്. വനിതാ എഞ്ചിനീയര്‍മാര്‍ക്ക് ഏറെ സാധ്യതയാണുളളത്. താല്‍പര്യമുളള വീട്ടമ്മമാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. താല്‍പര്യമുളള എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ 0502185872 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
മലയാളി എഞ്ചിനീയര്‍മാര്‍ക്ക് പരസ്പരം സംവദിക്കുന്നതിന് അവസരം ഒരുക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനമായ സംഭവ വികാസങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വ്യത്യസ്ത എഞ്ചിനീയറിംഗ് ശാഖകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും സംഘടന വേദിയാകും.
റിയാദ് ചാപ്റ്ററില്‍ മുന്നൂറിലധികം അംഗങ്ങളുണ്ട്. വിദഗ്ദ്ധരെ പങ്കെടുക്കുന്ന സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കും. പ്രൊഫഷണല്‍ രംഗത്ത് ഉന്നത വിദ്യാഭ്യാസവും കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളും തേടുന്നവര്‍ക്കും സഹായം ഉറപ്പു വരുത്തും. പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി സെല്‍ സംഘടനയുടെ കീഴില്‍ തുടങ്ങുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഹസീബ് മുഹമ്മദ്, നൗഷാദ് അലി, ആഷിക് പാണ്ടികശാല, മുഹമ്മദ് ഷാഹിദ്, അബ്ദുല്‍മജീദ് കോട്ട, നിസാര്‍ ഹുസൈന്‍, അബ്ദുല്‍അഫീല്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.