നൗഫല്‍ പാലക്കാടന്‍
റിയാദ്: വേള്‍ഡ് ഇക്കണോമിക് ഫോറം നടക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസ് നഗരത്തില്‍ സൗദി കഫേകള്‍. രാജ്യത്തിന്റെ ഭക്ഷണ സംസ്‌കാരവും ആതിഥേയത്വവും പരിപജയപ്പെടുത്തുകയാണ് ലക്ഷ്യം. സൗദി ഭക്ഷണ രീതികള്‍, മധുര പലഹാരങ്ങള്‍, ഗഹ്‌വ ഇതര ഭക്ഷ്യ വിഭവങ്ങള്‍ വിളമ്പുന്ന സൗദി രീതി എന്നിവയെല്ലാം പരിചയപ്പെടുത്തുന്നതാണ് കഫേകള്‍. ലോക നേതാക്കളും വന്‍കിട വ്യവസായികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയില്‍ സൗദി അറേബ്യയെ കുറിച്ചുള്ള കൃത്യമായ അവബോധം നല്‍കാനും കഫെകള്‍ക്ക് കഴിയുന്നുണ്ട്.
സൗദി അവിശ്വസനീയമായ പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. വിനോദ സഞ്ചാര മേഖലക്ക് പ്രാധാന്യം നല്‍കി വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. കോവിഡിന് ശേഷം അതിര്‍ത്തികള്‍ തുറന്നതോടെ ലോകം വീണ്ടും യാത്ര ചെയ്യാന്‍ ആരംഭിച്ചു. രാജ്യത്തിന്റെ വൈവിധ്യവും സൗന്ദര്യവും അറിയാനും കണ്ടെത്താനുമുള്ള ലോകത്തിന്റെ ആഗ്രഹത്തെ പ്രേരിപ്പിക്കുന്നതിനാണ് കഫേകള്‍ മുന്‍ഗണന നല്‍കുന്നത് സൗദി ടൂറിസം വക്താവ് അബ്ദുള്ള അല്‍ ദഖീല്‍ പറഞ്ഞു.
നേതാക്കള്‍ കണ്ടുമുട്ടുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഡബ്ല്യു.ഇ.എഫ് പുരോഗമിക്കുന്ന ദാവോസിലെ ഞങ്ങളുടെ സാന്നിധ്യം രാജ്യത്തെ പരിചയപ്പെടുത്താനുള്ള പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദിയുടെ തനത് ആതിഥേയത്വ ശൈലിയിലാണ് കഫേകളില്‍ അതിഥികളെ സ്വീകരിക്കുന്നത്. ജിസാനില്‍ നിന്നുള്ള മാമ്പഴം, ഹായിലിലെ മുളക്, റിയാദില്‍ നിന്നുള്ള മസാലക്കൂട്ടുകള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ രുചികള്‍ അറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
തുറന്ന മനസ്സോടെയും ഹൃദയത്തോടെയും ലോകത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്യാനുള്ള ക്ഷണം കൂടിയാണ് ദാവോസിലെ സൗദി കഫേകള്‍. സൗദി സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നതിനു പുറമേ, വിഷന്‍ 2030 പദ്ധതി പ്രകാരം രാജ്യം എങ്ങനെ പരിവര്‍ത്തനപ്പെടും എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരകൂടിയാണ് കഫേകള്‍. സൗദിയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ഉന്നത സംഘം തന്നെ ഡബ്ല്യു.ഇ.എഫില്‍ പങ്കെടുക്കാന്‍ ദാവോസിലുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.