Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഉശിരന്‍ സ്മാഷും ഫാസ്റ്റ് ഡ്രോപ് ഷോട്ടും; കിംഗ്ഡം ബാഡ്മിന്റണില്‍ ഖദീജ സഖ്യം ജേതാക്കള്‍

റിയാദ്: സൗദി ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ ഏറ്റുമുട്ടിയ കിംഗ്ഡം ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഖദീജ നിസ നയിച്ച ടീമിന് കിരീടം. 2024 ദേശീയ ഗെയിംസില്‍ പുരുഷ വിഭാഗം സ്വര്‍ണം നേടിയ മലയാളി താരം അല്‍ ഹിലാല്‍ ക്ലബ്ബിനെ പ്രതിനിധീകരിച്ചു കളത്തിലിറങ്ങിയ ഷാമില്‍ മാട്ടുമ്മല്‍ നയിച്ച ടീമിനെയാണ് മുട്ടുകുത്തിച്ചത്.

റിയാദ് മലാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ചാമ്പ്യന്‍ ഷിപ്പില്‍ രാജ്യത്തെ 30 ക്ലബ്ബുകളില്‍ നിന്നുളള ടീമുകളാണ് മാറ്റുരച്ചത്. സവാരി ക്ലബിനു വേണ്ടി ഖദീജയോടൊപ്പം കളത്തിലിറങ്ങിയത് സ്വദേശി പൗരന്‍ അബ്ദുല്ല ഹാരിഥിയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെറ്റില്‍ 24-22ന് ഷാമില്‍-സീമ അല്‍ ഹര്‍ബി സഖ്യം നേടി. രണ്ടാം സെറ്റില്‍ 21-14ന് അല്‍ ഹിലാലിനെ പിടിച്ചുകെട്ടി. ആവേശം അലതല്ലിയ മൂന്നാം സെറ്റ് ആദ്യ പകുതിയില്‍ ഖദീജ സഖ്യത്തിനു കൈവിട്ടു.

ഏഴ് പൊയിന്റില്‍ നില്‍ക്കേ തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ ഖദീജയുടെ സഹ താരം വഴങ്ങിയതോടെ ഷാമില്‍ ലീഡ് നേടി. ഇതിനിടെ തുടര്‍ച്ചയായി രണ്ടു പോയിന്റുകള്‍ ഖദീജയും നഷ്ടപ്പെടുത്തിയതോടെ ഷാമില്‍ ടീമിന്റെ ലീഡ് 14-8 ആയി വീണ്ടും ഉയര്‍ന്നു. മത്സരം രണ്ട് മലയാളി താരങ്ങള്‍ തമ്മിലായതോടെ ഗാലറിയിലും ആരവം ഉണര്‍ന്നു. കളം നിറഞ്ഞു കളിച്ച ഖദീജ ഉശിരന്‍ സ്മാഷും എതിരാളികള്‍ക്ക് പിടികൊടുക്കാത്ത ഫാസ്റ്റ് ഡ്രോപ് ഷോട്ടും പുറത്തെടുത്തതോടെ കളിയുടെ ഗതിമാറ്റി. എതിര്‍ ടീം മൂന്ന് പോയിന്റുകള്‍ നേടുന്നതിനിടെ ഖദീജ-ഹാരിഥി സഖ്യം 21-17ന് കിരീടം നേടി.

ബാഡ്മിന്റണില്‍ ഖദീജയുടെ ജൈത്രയാത്ര
സൗദി ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായ മൂന്ന് സ്വര്‍ണം നേടിയതിന് പിന്നാലെയാണ് കിംഗ്ഡം മിക്‌സഡ് ചാമ്പ്യന്‍ഷിപ്പ് സീനിയര്‍ വിഭാഗത്തില്‍ ഖദീജയുടെ നേട്ടം. സൗദിയില്‍ ജനിച്ച വിദേശികള്‍ക്ക് സൗദിയിലെ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ സ്വദേശികളോടൊപ്പം മത്സരിക്കാന്‍ അനുമതി ലഭിച്ചതാണ് ഖദീജ നിസക്ക് തുണയായത്. സൗദി വുമണ്‍ ചാമ്പ്യന്‍ ഷിപ്പിലും ദേശീയ ഗെയിംസിലും ചാമ്പ്യനായതോടെ കഴിഞ്ഞ വര്‍ഷം സൗദി ദേശീയ ബാഡ്മിന്റണ്‍ ടീമിലേക്കും തെരഞ്ഞെടുത്തു. 2023ലും 2024ലും രാജ്യാന്തര തലത്തില്‍ അരങ്ങേറിയ എട്ട് ടൂര്‍ണമെന്റുകളില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ചു. സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളില്‍ ഖദീജ നിസ 19 മെഡലുകള്‍ നേടിയത് സൗദിയുടെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യമാണ്.

സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തിലും മിക്‌സഡ് ഡബിള്‍സിലും സ്വര്‍ണം. സീനിയര്‍ വിഭാഗത്തില്‍ മുതിര്‍ന്ന കളിക്കാരുമായി ഏറ്റുമുട്ടി വെങ്കലവും നേടി. ഫ്രാന്‍സ്, മൗറീഷ്യസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുളള താരങ്ങളുമായി മത്സരിച്ചാണ് ഖദീജയുടെ നേട്ടം. ഖദീജയോടൊപ്പം മിക്‌സഡ് ഡബിള്‍സില്‍ കളിച്ചത് മുഹമ്മദ് ശൈഖ് ആണ്.

ബഹ്‌റൈനില്‍ നടന്ന രാജ്യാന്തര ജൂനിയര്‍ ബാഡ്മിന്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത മത്സരത്തില്‍ വെങ്കലവും മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണവും നേടി. ഖസാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡബിള്‍സില്‍ വെങ്കലം, മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഡബിള്‍സില്‍ വെളളി എന്നിവയും നേട്ടങ്ങളാണ്. അല്‍ജീരിയ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവും 2025ലെ മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടും. ഇതോടെ വേള്‍ഡ് ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ലോക റാങ്കിംഗില്‍ 1350 ആയിരുന്ന ഖദീജ നിസ 221-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അണ്ടര്‍ 19 വിഭാഗത്തില്‍ ലോക റാങ്കിങ് 38 ആയിരുന്നു. മിക്‌സഡ് റാങ്കിങ് 107ല്‍ എത്താനും ഖദീജക്കു കഴിഞ്ഞു.

റിയാദില്‍ ഐടി എഞ്ചിനീയറായ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ് ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. കോഴിക്കോട് ദേവഗിരി കോളേജില്‍ സ്‌പോര്‍ട്‌സ് മാനേജ്മന്റ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. എട്ട് വയസ് മുതല്‍ പിതാവ് അബ്ദുല്‍ ലത്തീഫിനൊപ്പം റിയാദിലെ മലയാളികളുടെ ബാഡ്മിന്റണ്‍ ക്ലബായ സിന്‍മാര്‍ അക്കാദമിയിലാണ് ഖദീജ കളിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ ദേശീയ കായിക മേളയില്‍ റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച ഖദീജ നിസ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയിരുന്നു. സൗദിയിലെ സിബിഎസ്ഇ സ്‌കൂകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top