
റിയാദ്: മാപ്പിളത്തനിമയുടെ അരങ്ങുണര്‍ത്തി ‘കാലിഫ്’ കലാമേള തുടരുന്നു. മലപ്പുറം ജില്ലാ കെഎംസിസി മാപ്പിള കലോത്സവം രണ്ടാം ദിവസം ബത്ഹയിലെ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നാമധേയത്തിലുള്ള നൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഉപന്യാസ രചന, മാപ്പിളപ്പാട്ട് രചന, സീനിയര്‍ വിഭാഗം പുരുഷന്മാര്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം എന്നിവയില്‍ നിരവധി മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു.

മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളും മാപ്പിള കലകളും എന്ന വിഷയത്തിലായിരുന്നു ഉപന്യാസ രചനാ. 1980ലെ അറബി ഭാഷാ സമരം അടിസ്ഥാനമാക്കി മാപ്പിളപ്പാട്ട് രചനാ മത്സരവും നടന്നു. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ രചനാ മത്സരങ്ങളില്‍ മാറ്റുരച്ചു. മത്സരങ്ങളിലെ വിജയികളെ മെയ് 23ന് നടക്കുന്ന കാലിഫ് മത്സരവേദിയില്‍ പ്രഖ്യാപിക്കും.
സീനിയര്‍ പുരുഷന്മാര്‍ക്കുള്ള പ്രസംഗ മത്സരത്തില്‍ ‘മതനിരപേക്ഷത വര്‍ത്തമാന കാലഘട്ടത്തില്‍’, ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും മുസ്ലിം സമുദായവും’, ‘ലഹരിയിലമരുന്ന യുവത’ എന്നീ വിഷയങ്ങളില്‍ നിന്ന് മത്സരത്തിന് അഞ്ച് മിനിറ്റ് മുന്‍പ് നറുക്കെടുപ്പിലൂടെ ലഭിച്ച ഒരു വിഷയത്തില്‍ മത്സരാര്‍ത്ഥികള്‍ പ്രസംഗം അവതരിപ്പിച്ചു.

മുഹമ്മദ് റിന്‍ഷാദ് (വണ്ടൂര്‍ നിയോജകമണ്ഡലം), ഷബീറലി ജാസ് ആട്ടീരി (വേങ്ങര മണ്ഡലം), ഇമ്തിയാസ് ബാബു (മലപ്പുറം മണ്ഡലം) എന്നിവര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് സുഹൈല്‍ കൊടുവള്ളി എന്നിവരായിരുന്നു പ്രസംഗ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

പരിപാടിയില്‍ സൗദി നാഷണല്‍ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് വിശിഷ്ടാതിഥിയായിരുന്നു. ‘കാലിഫ് 2025’ ഡയറക്ടര്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ പരിപാടിയുടെ ആമുഖഭാഷണം നടത്തി. മലപ്പുറം ജില്ലാ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ശരീഫ് അരീക്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി അര്‍ഷദ് തങ്ങള്‍ നന്ദിയും പറഞ്ഞു.

മെയ് എട്ട് മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന കാലിഫിന്റെ മൂന്നാം ദിനമായ മെയ് 23ന് ജനറല്‍ വിഭാഗം അറബി മലയാളം കയ്യെഴുത്ത്, കുട്ടികള്‍ക്കുള്ള നേതൃസ്മൃതി കഥപറച്ചില്‍, കുട്ടികള്‍ക്കുള്ള മാപ്പിളപ്പാട്ട് മത്സരങ്ങള്‍ എന്നിവയ്ക്ക് നൂര്‍ ഓഡിറ്റോറിയത്തില്‍ സജ്ജമാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.