റിയാദ്: മലയാളി താരത്തിന്റെ കരുത്തില്‍ രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യയ്ക്ക് നേട്ടം. 15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആന്റ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച ഖദീജ നിസ മൂന്ന് മെഡലുകള്‍ സ്വന്തമാക്കി. അണ്ടര്‍ 19 മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഗേള്‍സ് ഡബിള്‍സില്‍ വെളളി, ഗേള്‍സ് സിംഗിള്‍സില്‍ വെങ്കലം എന്നിങ്ങനെയാണ് ഖദീജ മെഡല്‍ നേടിയത്. സൗദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണംനേടിയ ഖദീജ നിസ സൗദി അറേബ്യക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് രണ്ട് സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലുകള്‍ നേടിയിരുന്നു
മിക്‌സഡ് ഡബിള്‍സില്‍ ഖദീജയോടൊപ്പം യമസാന്‍ സൈഗും ഗേള്‍സ് ഡബിള്‍സില്‍ അല്‍ ബുതുല്‍ അല്‍ മുതൈരിയുമാണ് ഖദീജയോടൊപ്പം കളിച്ചത്. റിയാദില്‍ അരങ്ങേറിയ മത്സരത്തില്‍ നൂറിലധികം താരങ്ങളാണ് മാറ്റുരച്ചത്. സൗദിയില്‍ ആദ്യമായാണ് അറബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്.
സിറിയ, ജോര്‍ദാന്‍, ഇറാഖ്, ബഹ്‌റൈന്‍, പാലസ്തീന്‍, ഈജിപ്ത്, ലബനോണ്‍, അള്‍ജീരിയ, സുഡാന്‍, മൊറോക്കൊ, മൗറിതാനിയ, തുനീഷ്യ, ലിബിയ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലുളള താരങ്ങളാണ് അഞ്ച് ദിവസം നീണ്ടുനിന്ന മത്സരത്തില്‍ പങ്കെടുത്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.