Sauditimesonline

watches

കുഞ്ഞു ജോബി താരമായി; ആശങ്കകള്‍ക്കൊടുവില്‍ സഫലയാത്ര

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ താരമായത് ഒരു മാസം പ്രായമുളള മലയാളി കുരുന്ന്. അല്‍ ഖസ്സിം പ്രവിശ്യയില്‍ നിന്നു നഴ്‌സായ അമ്മയോടൊപ്പമാണ് ജോബി ഏദന്‍ റിയാദിലെത്തിയത്. കോഴിക്കോടേക്കുളള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം 15 മിനുട്ടിലധികം കാത്തുനിന്നതോയൈാണ് ജോബി യാത്രക്കാരുടെയും എയര്‍പോര്‍ട്ടിലെത്തിയവരുടെയും താരമായി മാറിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സായ സനിലമോളും ജോബി ഏദനും രാവിലെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ജോബി ഏദന് ഇഖാമ നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഫൈനല്‍ എക്‌സിറ്റ് വിസയും ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടില്‍ ചെന്നാല്‍ മതിയെന്നാണ് ആശുപത്രിയിലെ എച്ച് ആര്‍ വിഭാഗം നിര്‍ദേശിച്ചിരുന്നതെന്ന് സനില പറയുന്നു.

ഫൈനല്‍ എക്‌സിറ്റ് ഇല്ലാത്ത ജോബി ഏദന് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യാന്‍ എയര്‍ ഇന്ത്യ വിസമ്മതിച്ചു. ഇതോടെ അവിടെ ഉണ്ടായിരുന്ന കെ എം സി സി നാഷണല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ ഇടപെട്ടു. അപ്പോഴാണ് സനിലമോള്‍ക്ക് മാത്രമാണ് ഫൈനല്‍ എക്‌സിറ്റ് നേടിയത് എന്നറിയുന്നത്. ജോബി ഏദന് ഫൈനല്‍ എക്‌സിറ്റ് നേടണമെങ്കില്‍ ആദ്യം ഇഖാമ ഇഷ്യൂ ചെയ്യണം. ഇഖാമ ഇഷ്യൂ ചെയ്യണമെങ്കില്‍ സനിലയുടെ ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കണം. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി.

കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എയര്‍പോര്‍ട്ടിലെ ജവാസാത് വിഭാഗവുമായി ബന്ധപ്പെട്ടു. അതോടൊപ്പം അല്‍ ഖസീമിലെ കെ എം സി സി പ്രവര്‍ത്തകന്‍ ഫൈസല്‍ ആലത്തൂര്‍ സനില ജോലി ചെയ്തിരുന്ന ആശുപത്രിയിലെത്തി നടപടിക്രമം പൂര്‍ത്തിയാക്കി. ജോബിയുടെ ഇഖാമ ഫീസും കെ എം സി സി പ്രവര്‍ത്തകര്‍ അടച്ചു. എയര്‍ ഇന്ത്യാ എയര്‍പോര്‍ട്ട് സൂപ്പര്‍വൈസര്‍ സിറാജുദ്ദീനും സഹായത്തിനെത്തി. ഇതോടെയാണ് ഫൈനല്‍ എക്‌സിറ്റ് നേടിയത്. നിശ്ചിത സമയത്തിനകം യാത്രക്കാര്‍ മുഴുവന്‍ വിമാനത്തില്‍ കയറിതോടെ എമിഗ്രേഷന്‍ കൗണ്ടര്‍ അടച്ചിരുന്നു. ഇവര്‍ക്കു എമിഗ്രേഷന്‍ ക്ലിയറന്‍സ് നേടുന്നതിന് കൗണ്ടര്‍ വീണ്ടു തുറന്നു. ഇതോടെയാണ് സനിലക്കും ജോബി ഏദനും നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.

കൊവിഡ് ബാധിച്ച് റിയാദില്‍ മരിച്ച മലപ്പുറം നടമല്‍ സഫ്‌വാന്റെ പത്‌നി ഖമറുന്നിസ കെ എം സി സി വനിതാ പ്രവര്‍ത്തകരോടൊപ്പമാണ് എയര്‍പോര്‍ട്ടിലെത്തിയത്. അവര്‍ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. കെ എം സി സി പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് കൊവിഡ് പ്രതിരോധ കവചം ഉള്‍പ്പെടെയുളളവ സമ്മാനിക്കുകയും ചെയ്തു. സി.പി മുസ്തഫ, മുജീബ് ഉപ്പട, നൗഷാദ് ചാക്കീരി, മുഹമ്മദ് കണ്ടകൈ, ഹുസൈന്‍ കൊപ്പം, മുനീര്‍ മക്കാനി, നസീര്‍ മറ്റത്തൂര്‍, വനിതാ വിംഗ് ഭാരവാഹികളായ ജസീല മൂസ, ഷഹര്‍ബാനു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ സഹായിക്കാന്‍ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top