Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

കൊടുങ്കാറ്റില്‍ ആടി ഉലയും; പക്ഷെ പ്രവാസി കടപുഴകില്ല

നൗഫല്‍ പാലക്കാടന്‍


റിയാദ്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിലോണിലും സിംഗപ്പൂരിലുമായിരുന്നു മലയാളിക്ക് വിദേശ രാജ്യങ്ങളിലെ പ്രവാസം. എണ്ണയുടെ അഭിവൃദ്ധിയില്‍ ഗള്‍ഫ് രാജ്യം സാമ്പത്തികമായി കത്തി പൊന്തിയപ്പോള്‍ അതിന്റെ ഭാഗമാകാന്‍ മലയാളികളും ഗള്‍ഫിലെത്തി. അങ്ങിനെ ആധുനിക ഗള്‍ഫ് രാജ്യങ്ങളുടെ നിര്‍മാണത്തിലും പുരോഗതിയിലും മലയാളികള്‍ അറിഞ്ഞും അറിയാതെയും പങ്കാളികളായി. പിന്നീട് പ്രതീക്ഷയുടെ കിരണങ്ങളും പ്രതിസന്ധിയും ഇരുട്ടും മാറി മാറി അനുഭവിച്ചിട്ടുണ്ട്. അതെല്ലാം അതിജീവിച്ചാണ് മുന്‍ഗാമികള്‍ പ്രവാസം മുന്നോട്ട് കൊണ്ട് പോയത്. അറുപതുകളില്‍ വന്ന പ്രവാസിയും പറഞ്ഞിട്ടുണ്ടാകും ഗള്‍ഫിന്റെ കാലമൊക്കെ കഴിഞ്ഞെന്ന്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിന്റെ കോറസ് ഇപ്പോഴും പല ഇടങ്ങളിലും അലയടിക്കുന്നുണ്ട്. എന്നാല്‍ ഒടുങ്ങുമെന്ന് പറഞ്ഞിടത്ത് നിന്നെല്ലാം തുടങ്ങിയതാണ് പ്രവാസത്തിന്റെ ചരിത്രം. 2015 2020 കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായി നടപ്പിലാക്കിയ സ്വദേശിവല്‍കണവും രാഷ്ട്രപരിവര്‍ത്തന പദ്ധതികളും കണ്ട് ഇനി ഗള്‍ഫില്ല എന്ന് തീരുമാനിച്ചു മടങ്ങിയവരുണ്ട്. അതെ കാലയളവില്‍ ഇതൊന്നും വകവെക്കാതെ പതിനായിരങ്ങള്‍ ഗള്‍ഫിലേക്ക് ചേക്കേറി. പ്രതിസന്ധിയെന്ന് പറഞ്ഞ കാലത്തും അവരുടെയെല്ലാം കിനാവുകള്‍ സാക്ഷാത്കരിക്കപ്പെട്ടു.

2015 ല്‍ പ്രവാസിയെ ഭാഗികമായി ചലന ശേഷി നഷ്ടപ്പെട്ട രോഗിയെ പോലെ തളര്‍ത്തിയെന്നു യാഥാര്‍ഥ്യമാണ്. പക്ഷെ വര്‍ഷങ്ങള്‍ നീണ്ട തിരുമ്മലും ഉഴിച്ചിലും കഴിഞ്ഞു 2020 ല്‍ എണീറ്റ് നില്‍ക്കാനും നടക്കാനും ആവശ്യമെങ്കില്‍ ഓടാനും പ്രവാസികള്‍ സജ്ജമായി. വന്‍കിട, ചെറുകിട കച്ചവടങ്ങള്‍ വീണ്ടും മെച്ചപ്പെട്ടു. പ്രയാസമല്ലാത്ത ഒരു അവസ്ഥയില്‍ മുന്നോട്ട് പോകുമ്പോഴാണ് കൊറോണ വന്ന് തലക്കടിച്ചു താഴെയിട്ടത്. താല്‍കാലിക ചികിത്സക്ക് പ്രവാസി വീണ്ടും കിടപ്പിലായി എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ നിന്നും ഉയര്‍ത്തെഴുനേല്‍ക്കും. എല്ലാ ചികിത്സക്കും മരുന്നിനൊപ്പം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ആത്മവിശ്വാസത്തിന്റെ ചേരുവയാണ്. അതിവിടെയും വേണമെന്ന് മാത്രം. പതിവിന് വിപരീതമായി കൊറോണ പ്രതിസന്ധിയില്‍ എവിടെയോ ഒരു പതറല്‍ പ്രവാസിയിലുണ്ടായിട്ടുണ്ട്. ഇത്തവണ പ്രതിസന്ധി മറികടക്കാനുള്ള ചികിത്സക്ക് പലരും തയാറല്ല. ഒരു പരീക്ഷണത്തിനില്ലെന്നാണ് ചിലര്‍ ഒറ്റവാക്കില്‍ മറുപടി പറയുന്നത്. നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയവരുടെ ആറക്ക സംഖ്യ അതാണ് സൂചിപ്പിക്കുന്നത്. പ്രവാസികളുടെ കൂട്ടമായ മടക്കത്തിന്റെ ഭവിഷത്തുകളെല്ലാം അറിഞ്ഞിട്ടും മത്സരബുദ്ധിയോടെ അവരെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന വിവിധ മേഖലകളിലെ നേതാക്കള്‍ക്കും ഇതിലൊരു പങ്കുണ്ട്. ആത്മാര്‍ത്ഥത സംശയിക്കുന്ന സ്വീകരിക്കാനുള്ള ധൃതിപ്പെടലിന് പിറകില്‍ എല്ലാവര്‍ക്കും സമ്മതിച്ചു തരാത്ത ഒരു രാഷ്ട്രീയമുണ്ട്. ‘മിന്നുന്നതൊല്ലാം പൊന്നാണ്’ എന്ന് ധരിച്ചു വെച്ചിരിക്കുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിപക്ഷവും. വക്രബുദ്ധിയില്ലാത്ത നിഷ്‌കളങ്ക സമൂഹമായതാണതിന് കാരണം. അതുകൊണ്ട് തന്നെ പലപ്പോഴും വക്രതയില്‍ ബിരുദാന്തര ബിരുദം നേടിയ ചില രാഷ്ട്രീയക്കാര്‍ക്കിടയില്‍ അവര്‍ തോറ്റുപോകുന്നത്. പ്രവാസികള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൊറോണ പരക്കുന്നതിനേക്കാള്‍ ഭയക്കേണ്ടത് പട്ടിണി പെരുകുന്നതാണ്. ഗ്രാമങ്ങള്‍ നഗരങ്ങളാക്കിയ അത്ര എളുപ്പത്തില്‍ പ്രവാസിക്ക് അതു തിരിച്ചു ചെയ്യാനാകില്ല. പ്രവാസികള്‍ മാത്രമല്ല പ്രവാസികളെയും അവരുടെ കുടുംബത്തെയും അവരുടെ പണവും കണ്ട് കെട്ടിപ്പൊക്കിയ സമുച്ഛയങ്ങളും ആഡംബര ജീവിത നിലവാരവും കൂപ്പു കുത്തും. പഞ്ചനക്ഷത്ര ആതുരാലയങ്ങളും ഹെറിറ്റേജുകളും വിനോദസഞ്ചാര പാര്‍ക്കുകളിലേക്കും കൂലിപ്പണിയെടുത്ത് ചവിട്ടാനാകില്ല എന്നത് യാഥാര്‍ഥ്യം. അത്യാധുനിക സംവിധാനത്തില്‍ കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ സ്ഥാപനത്തിലും കലാ കേന്ദ്രങ്ങളിലും വലിയ ഡൊണേഷനും ഫീസും നല്‍കി പഠിപ്പിക്കാന്‍ ഗള്‍ഫ് പണം തന്നെ വേണം. നാട്ടില്‍ കച്ചവടവും തൊഴിലെടുക്കുന്നവരുടെയും മക്കളും ഇവിടെയൊക്കെ പഠിക്കുന്നില്ലേ എന്ന മറുചോദ്യമുണ്ടായേക്കാം. അവരുടെ വരുമാനത്തിന്റെ ഉറവിടം അന്വേഷിച്ചാലും അതൊരു പ്രവാസിയില്‍ ചെന്നെത്തുമെന്ന സത്യം മറച്ചുവെക്കാനാകില്ല. ഇങ്ങനെ നാടിന്റെ അഭിവൃദ്ധിയില്‍ അറിഞ്ഞും അറിയാതെയും പങ്ക് വഹിച്ച ഒരു കൂട്ടം ഒന്നിച്ചു മടങ്ങുമ്പോള്‍ അതിന്റെ ദുരിതം എല്ലാവരും ഒരു പോലെ അനുഭവിക്കേണ്ടി വരും. കൊടുങ്കാറ്റടിക്കുമ്പോള്‍ മുറിഞ്ഞു വീഴുമെന്ന് തോന്നിപ്പിക്കുന്ന മരങ്ങളെ പോലെ ആടി ഉലയും പക്ഷെ കടപുഴകില്ല. അതാണ് നാളിതുവരെയുള്ള പ്രവാസ ചരിത്രം സൂചിപ്പിക്കുന്നത്. ആ ചരിത്രം സത്യമെന്ന് മനസ്സിലുറപ്പിച്ചു മുന്നോട്ട് പോകാന്‍ പ്രവാസിയും, പ്രതിസന്ധികളെ അതിജീവിച്ചു പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രവാസത്തിന്റെ കഥ ഓര്‍മിപ്പിച്ച് അവര്‍ക്ക് പ്രോചോദനം നല്‍കേണ്ട ഉത്തരവാദിത്വം സ്വദേശത്തുള്ള രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളുടേതുമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top