
റിയാദ്: തെയ്യവും വടക്കന്‍ പാട്ടും കല്യാണ രാവുകളെ ആഘോഷമാക്കുന്ന മുട്ടിപ്പാട്ടും കണ്ണൂരിന്റെ വസന്തമാണ്. ഇതെല്ലാം പ്രവാസികള്‍ക്കു സമ്മാനിക്കാന്‍ റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി. ഹരിത കലാവേദി ‘കണ്ണൂര്‍ സംസ്‌കാരം: രുചിയും സ്വരവും’ എന്ന പേരില്‍ ‘കണ്ണൂര്‍ ഫെസ്റ്റ്-2025’ സംഘടിപ്പിച്ചു.

മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഒരു വര്‍ഷം നീണ്ടുനിന്ന തസ്‌വീദ് കാമ്പയിനിന്റെ ഭാഗമായാണ് കണ്ണൂരിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന പരിപാടി ഒരുക്കിയത്.

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ്, കണ്ണൂര്‍ മമ്മാലി, ബെന്‍സിറ റഷീദ് എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഒരുക്കിയ സംഗീത വിരുന്നു, ഒപ്പന, കോല്‍ക്കളി, കളരിപ്പയറ്റ്, മുട്ടിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കലാപ്രകടനങ്ങളും അരങ്ങേറി. ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് സൈഫുദ്ധീന്‍ വളക്കൈ അധ്യക്ഷത വിഹിച്ചു.

കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എന്‍.ആര്‍.കെ. പ്രതിനിധി നാസര്‍ കാരക്കുന്ന്, ഫോര്‍കാ പ്രതിനിധി റഹ്മാന്‍ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, മജീദ് പയ്യന്നൂര്‍, വനിതാ കെ.എം.സി.സി. പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മുക്താര്‍ പി.ടി.പി. തസ്‌വീദ് ക്യാമ്പയിന്‍് വിശദീകരിച്ചു. വി.കെ. മുഹമ്മദ് ജില്ലാകമ്മിറ്റിയുടെ സമൂഹ വിവാഹ പദ്ധതി വിവരിച്ചു. ലീയാകാത്ത് അലി കരിയാടന്‍ സ്വാഗതവും മെഹ്ബൂബ് വി.വി. നന്ദിയും പറഞ്ഞു. സാംസ്‌കാരിക സമ്മേളനത്തില്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, അബ്ദുല്‍ ഖാദര്‍, ഷൗക്കത്ത് കടമ്പോട്, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, അന്‍ഷാദ് തൃശൂര്‍, റഷീദ് കോഴിക്കോട്,ജസീല മൂസ, ഡേവിഡ് ലുക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു.






