
മലപ്പുറം: ചേര്‍ത്തു പിടിക്കലിന്റെ മഹിത മാതൃകയൊരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നാല്പത് ലക്ഷം രൂപ വിതരണം ചെയ്തു. പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കുടുംബങ്ങള്‍ക്ക് തുക കൈമാറി.

ആറ് വര്‍ഷമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സുരക്ഷ പദ്ധതി പ്രകാരം ഇതോടെ മുപ്പത്തി ഏഴ് കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നല്‍കുവാന്‍ കഴിഞ്ഞു. നൂറുകണക്കിന് പേര്‍ക്ക് ചികിത്സ സഹായവും കൈമാറി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയില്‍ ഈ വര്‍ഷം ഏട്ടായിരത്തിലധികം ആളുകളാണ് ചേര്‍ന്നത്. റിയാദിലേയും പരിസര പ്രദേശങ്ങളിലെയും മലയാളികളായ പ്രവാസികളാണ് പദ്ധതിയില്‍ അംഗത്വം നേടിയിട്ടുള്ളത്.

അംഗങ്ങളായിരിക്കെ പ്രവാസം അവസാനിപ്പിച്ചവര്‍ക്ക് നാട്ടില്‍ നിന്നു അംഗത്വം പുതുക്കാനുള്ള സൗകര്യവും ഉണ്ട്. പാവപ്പെട്ട മനുഷ്യര്‍ക്ക് തണലായി മാറുന്ന കെഎംസിസി അനുകരണീയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാരുണ്യം എന്ന വാക്കിന് കെഎംസിസി എന്നര്‍ത്ഥം നല്‍കിയ സംഘടനയാണിതെന്ന് ചടങ്ങില്‍ സംബന്ധിച്ച മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എംഎല്‍എ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. കെഎന്‍എ ഖാദര്‍, അഡ്വ. എം ഉമ്മര്‍, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യുപി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, മാമുക്കോയ തറമ്മല്‍, മൊയ്തീന്‍ കോയ കല്ലമ്പാറ, കെഎംസിസി നേതാക്കളായ സൈദ് അരീക്കര, അന്‍വര്‍ വാരം, ഷൗക്കത്ത് പന്നിയങ്കര, റഹീം ക്ലാപ്പന, ഇബ്രാഹിം ഹാജി എടരിക്കോട്, നാസര്‍ പാതിരിക്കോട്, സാദിഖ് പുറക്കാട്ടിരി, ഹുസൈന്‍ കുപ്പം, അഷ്‌റഫ് കെ പി, ഉസ്മാന്‍ കാരക്കുന്ന്, നൂറുദ്ധീന്‍ കൊട്ടിയം, ഫിറോസ് കൊട്ടിയം, ജാഫര്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.