Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

രണ്ടു പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തു ‘സാഹിതി’

റിയാദ്: കോഴിക്കോട് ജില്ലാ കെ.എം.സി.സിയുടെ കലാ സാംസ്‌ക്കാരിക വിഭാഗം ‘സാഹിതി’ പുസ്തക പരിചയം സംഘടിപ്പിച്ചു. ‘രണ്ട് പുസ്തകങ്ങള്‍’ എന്ന പേരിലായിരുന്നു പരിപാടി. എം. ഐ. തങ്ങള്‍ രചിച്ച ‘ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും’ എന്ന പുസ്തകം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂര്‍ പരിചയപ്പെടുത്തി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി വിലയിരുത്തപ്പെടുന്ന കൃതിയാണിത്. മുസ്ലിം സമുദായം, ജനാധിപത്യം, ഇസ്ലാമികം, രാഷ്ട്രീയ ദൗത്യബോധം തുടങ്ങിയ വിഷയങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന അപൂര്‍വ രാഷ്ട്രീയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊളളുന്ന രചന ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം രചിച്ച ‘മിയ കുള്‍പ്പ’ നോവലിനെ സംബന്ധിച്ചും വായനയുടെ പ്രാധാന്യവും അദ്ദേഹം വിവരിച്ചു. എഴുത്തുകാര്‍ അവരുടെ രചനകളിലൂടെ വരച്ചുകാട്ടിയ വായനാ വൈവിദ്ധ്യങ്ങളെയും ഹൃദ്യമായി അവതരിപ്പിച്ചു. സലീം പള്ളിയില്‍ നോവല്‍ പരിചയപ്പെടുത്തി. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിത്തീര്‍ന്നുവെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന പ്രവാസിയായ കുഞ്ഞുമോന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘മിയ കുള്‍പ്പ’ മികച്ച വായനാനുഭവം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സാഹിതി കലാ സാംസ്‌കാരിക വേദി ചെയര്‍മാന്‍ സലീം ചാലിയം അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, അബ്ദുറഹിമാന്‍ ഫറോക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു.

മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കെ.എം.സി.സി പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍, വര്‍ക്കിംഗ് പ്രസിഡണ്ട് റഷീദ് പടിയങ്ങല്‍, ട്രഷറര്‍ റാഷിദ് ദയ എന്നിവര്‍ സമ്മാനിച്ചു. സാഹിതി കണ്‍വീനര്‍ താജുദ്ധീന്‍ ചേനോളി പ്രാര്‍ത്ഥനാഗാനവും കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ പൂനൂര്‍ സ്വാഗതവും സാഹിതി വൈസ് ചെയര്‍മാന്‍ ജാഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് ജാഫര്‍സാദിഖ് പുത്തൂര്‍മഠം, അബ്ദുല്‍ഗഫൂര്‍ എസ്‌റ്റേറ്റ്മുക്ക്, കുഞ്ഞോയി കോടമ്പുഴ, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ഫൈസല്‍ ബുറൂജ്, സഫറുള്ള കൊയിലാണ്ടി, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top