റിയാദ്: ഹജ്ജ് യാത്രക്ക് ഇരട്ടി നിരക്ക് ഈടാക്കി കരിപ്പൂര്‍ വഴി സഞ്ചരിക്കുന്ന തീര്‍ത്ഥാടകരോട് കാട്ടുന്ന കൊടും ക്രൂരത വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരില്‍ പകുതിയിലധികവും കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമാണ്. തീര്‍ത്ഥാടകരെ സഹായിക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കി അവഹേളിക്കുകയാണ്. പരിഹാരം കാണാത്ത പക്ഷം മാതൃസംഘടനയായ മുസ്ലിംലീഗ് ഇക്കാര്യത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കൊപ്പം പ്രവാസി സമൂഹം അണിനിരക്കും. മാത്രമല്ല പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികള്‍ ആലോചിക്കുമെന്നും കെഎംസിസി വ്യക്തമാക്കി.
കരിപ്പൂരിനെ തകര്‍ക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം നീക്കത്തിന് പിന്നില്‍. വിമാനത്താവളത്തിന്റെ ചിറകരിയാന്‍ വിമാനത്താവള നിര്‍മിതി മുതല്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് യാത്രക്കാരുടെയും തീര്ഥാടകരുടെയും കഴുത്തിന് പിടിക്കാനുള്ള ശ്രമം. ഇത് വിലപോവില്ലെന്നും ഇക്കാര്യത്തില്‍ ന്യായമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം, ന്യൂനപക്ഷ മന്ത്രാലയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി, സംസ്ഥാന സര്‍ക്കാര്‍ എന്നിവ തയ്യാറാവണമെന്നും കെഎംസിസി പ്രസ്താവനയില്‍ ആവശ്യപെട്ടു.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് 85000 രൂപക്ക് ഹജ്ജ് യാത്രക്കുള്ള സൗകര്യം ലഭിക്കുമ്പോള്‍ കോഴിക്കോട് വിമാനത്താവളം വഴി യാത്രക്ക് ഒരുങ്ങുന്നവരോട് ഇരട്ടി തുക ഈടാക്കുകയാണ്. കോര്‍പറേറ്റ് ഭീമന്മാരുടെ കൈകളിലെത്തിയ എയര്‍ ഇന്ത്യയുടെ പകല്‍കൊള്ളയെ ടയേണ്ട ഭരണാധികാരികള്‍ മൗനം പാലിക്കുന്നതും ദുരൂഹമാണ്. സാധാരണക്കാരായ ഹജ്ജ് തീര്‍ത്ഥാടകര്‍ ജീവിതാഭിലാഷം നിറവേറ്റാനായി കാലങ്ങളായി ഒരുക്കി വെക്കുന്ന സമ്പാദ്യമാണ് ഇതുവഴി ഊറ്റികുടിക്കാന്‍ ശ്രമിക്കുന്നത്.
നിരക്കിലെ ഈ വലിയ അന്തരം തുടര്‍ന്നാല്‍ കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റ് ഒഴിവാക്കി കൊച്ചിയും കണ്ണൂരും മാത്രമാക്കുമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുന്‍വിധിയോടെയുള്ള സമീപനം ഭരിക്കുന്നവര്‍ക്കുള്ള ഓശാന പാടലാണ്. പരിഹാര സാധ്യതകള്‍ തേടുന്നതിന് പകരം വിശ്വാസി സമൂഹത്തെ പരിഹസിക്കുന്ന നിലപാടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്വീകരിക്കുന്നത്. ഭരിക്കുന്നവരെ സുഖിപ്പിച്ച് ഇരിപ്പിടം ഉറപ്പിക്കലാണ് ഇതിന്റെ ലക്ഷ്യം. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് സൗദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.