
കൊച്ചി: ജിസിസി രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള നയ രൂപീകരണ ചര്‍ച്ച ‘കൊച്ചി ഡയലോഗ്’ കേന്ദ്ര മന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ഡ്രൈവ് താജ് വിവന്ദ ഹോട്ടലില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ് ഷിഹാബ് കൊട്ടുകാട് പാനലിസ്റ്റായി പങ്കെടുത്തു. ‘ഇന്ത്യയുടെ പടിഞ്ഞാറന്‍ കാഴ്ചപ്പാട്: പ്രവാസി ബന്ധം പ്രയോജനപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന നിരവധി പദ്ധതികളും അനുഭവങ്ങളും ഷിഹാബ് കൊട്ടുകാട് വിവരിച്ചു.

‘ഇന്ത്യയുടെ പടിഞ്ഞാറന്‍ കാഴ്ചപ്പാട്: ജനങ്ങള്‍, സമൃദ്ധി, പുരോഗതി’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ജിസിസിയിലെയും ഇന്ത്യയിലെയും നയരൂപീകരണ വിദഗ്ദര്‍, നയതന്ത്രജ്ഞര്‍, പ്രതിരോപധ വിദഗ്ദര്‍, സംരംഭകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കാളികളായി. വ്യാപാരം, സമ്പദ്‌വ്യവസ്ഥ-നിക്ഷേപങ്ങള്‍, സമുദ്ര പങ്കാളിത്തം, വിദ്യാഭ്യാസം സാങ്കേതികവിദ്യ, പ്രവാസികളുമായുളള ബന്ധം, ഊര്‍ജ്ജം, ആരോഗ്യം, ടൂറിസം തുടങ്ങി ആറു വിഷയങ്ങള്‍ കേന്ദ്രീകരിച്ച് 30 പ്രഭാഷകര്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്. ഗള്‍ഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം സംബന്ധിച്ച് കേരളത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ പരിപാടിയാണിത്.

ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മഅ് അല്‍ ബുദൈവി, ദേശീയ മാരിടൈം സെക്യൂരിറ്റി കോഓര്‍ഡിനേറ്റര്‍ വൈസ് അഡ്മിറല്‍ ജി അശോക് കുമാര്‍, സതേണ്‍ നേവല്‍ കമാന്റ് ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചാര്‍ജ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ്, ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഈസാ സാലെഹ് അല്‍ ശൈബാനി, മുന്‍ അംബാസഡര്‍മാരായ ടിപി ശ്രീനിവാസന്‍, വേണു രാജാമണി, ടിപി സീതാറാം തുടങ്ങി 30 പ്രമുഖര്‍ പ്രഭാഷകരായും പാനലിസ്റ്റുകളായും പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.