Sauditimesonline

sms n
തൊഴിലാളികളോടൊപ്പം എസ്എംഎസ് സ്‌നേഹവിരുന്ന്

മധുരപ്പതിനെട്ടിന്റെ ഓര്‍മ്മയില്‍ കോഴിക്കോടന്‍സ് ‘കല്യാണരാവ്’

റിയാദ്: മൈലാഞ്ചി മണമുളള രാവില്‍ മൊഞ്ചത്തിമാരുടെ ഒപ്പന അരങ്ങുണര്‍ത്തിയ കോഴിക്കോടന്‍സ് കല്യാണരാവ്. മധുരപ്പതിനെട്ടിന്റെ ഓര്‍മ്മകള്‍ അയവിറക്കി അന്‍പതു കഴിഞ്ഞവരും മാലിയിട്ട് മണവാളനും മണവാട്ടിയുമായി അരങ്ങിലെത്തി. റിയാദിലെ കോഴിക്കോടു കൂട്ടായ്മ കുടുംബ സംഗമം ആണ് പഴയകാല കല്യാണരാവിനെ പുനരാവിഷ്‌കരിച്ചത്. തണുത്തുറഞ്ഞ അന്തരീക്ഷം ചൂട് പിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകവും പഴയ തലമുറക്ക് അവിസ്മരണീയ അനുഭവവും സമ്മാനിച്ചു.

പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന ക്ഷണക്കത്ത്, കല്യാണ പന്തല്‍, വിവാഹ ചടങ്ങുകള്‍ എന്നിവയെല്ലാം തനിമ ചോരാതെ പുനരാവിഷ്‌കരിച്ചു. പിയാപ്ല, മണവാട്ടി, അമ്മായിഅമ്മ, അമ്മോശന്‍, അളിയന്‍, കാരണവന്മാര്‍, മൊല്ലാക്ക, കാര്യസ്ഥന്‍ തുടങ്ങി എല്ലാവരും കല്യാണരാവില്‍ വേദിയില്‍ അണിനിരന്നു.

പനയോലയും സാരിയും കൊണ്ടു മനോഹരമായി അലങ്കരിച്ച കല്യാണ പന്തലിന്റെ സ്വാഗത കവാടവും മാല ബള്‍ബുകളാല്‍ അലങ്കരിച്ച പരിസരവുമെല്ലാം കല്യാണ വീടിനെ ആകര്‍ഷകമാക്കി. അല്പം ആധുനിക രീതിയില്‍ അലങ്കരിച്ച വിവാഹ വേദിയില്‍ കോഴിക്കോടന്‍സ് അംഗങ്ങള്‍ ഭാര്യമാര്‍ക്കൊപ്പം പുയ്യാപ്ലയും മണവാട്ടിയുമായി.

ഒപ്പനയും കൈകൊട്ടി പാട്ടുമായാണ് സഹപ്രവര്‍ത്തകര്‍ അവരെ വരവേറ്റു. മോതിരമിടലും മാലയണിയിക്കലും മധുരം നല്‍കലും കാല്‍കഴുകലും ഉള്‍പ്പെടെ ചടങ്ങുകള്‍ ഗൃഹാതുര സ്മരണകളുണര്‍ത്തി.

അംഗങ്ങളുടെ വിവാഹ ഫോട്ടോ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. കുറിക്കല്യാണവും നാട്ടില്‍ നിന്നു എത്തിച്ച അമ്മി, കല്ലു, അരി ചേറുന്ന മുറം, തേങ്ങ ചിരവ, പുട്ടുകുറ്റി, നാടന്‍ പഴക്കുലകള്‍, മൂളി, ലക്കോട്ട് (കവര്‍), വെറ്റില, അടക്ക, ബീഡി, റോജ,

80-90 കാലഘട്ടത്തിലെ കുറിക്കല്യാണത്തിന് ഉപയോഗിച്ചിരുന്ന പലഹാരങ്ങള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, മൈലാഞ്ചി, മുല്ലപ്പൂവ്, സോഡാകുപ്പിയില്‍ മധുര പാനീയം, സമാവര്‍ ചായ, ഊട്ടുപുര, തട്ടുകട, എന്നിവയെല്ലാം ആസ്വാദ്യകരമായി. പന്തലില്‍ തയ്യാറാക്കിയ രുചിയൂറും വിഭവങ്ങള്‍ വയറും മനസ്സും നിറച്ചു.

കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം, പ്രോഗ്രാം ചെയര്‍മാന്‍ ഹര്‍ഷദ് ഫറൂഖ്, പ്രോഗ്രാം കണ്‍വീനര്‍ വികെകെ അബ്ബാസ്, ലീഡുമാരായ റാഫി കൊയിലാണ്ടി, ഫൈസല്‍ പുനൂര്‍, മുനീബ് പാഴുര്‍, മൊഹിയുദ്ധിന്‍ സഹീര്‍, മുജീബ് മുത്താട്ട്, റംഷി ഓമശ്ശേരി, ഷമീം മുക്കം, പ്രഷീദ് തൈക്കൂട്ടത്തില്‍, ലത്തീഫ് കാരന്തൂര്‍, നിബിന്‍ കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top