
റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 20 ന് ‘ഗാല നൈറ്റ്’ സംഗീത വിരുന്നും അരങ്ങേറും. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായിരിക്കും. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുത്തതിന് ശേഷം ഷാഫി പറമ്പില്‍ ആദ്യമായാണ് റിയാദിലെത്തുന്നത്. ഗായകന്‍ നിഖില്‍ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവര്‍ ഗാല നൈറ്റ് സംഗീത വിരുന്നിന് നേതൃത്വം നല്‍കും.

എ ആര്‍ റഹ്മാന്റെ ശബ്ദ സാമ്യമുളള ഗാനങ്ങള്‍ ആലപിച്ചു ശ്രദ്ധനേടിയ നിഖില്‍ പ്രഭ മലയാളികള്‍ക്കിടയിലും സൗത്ത് ഇന്ത്യയിലും ശ്രദ്ധേയനാണ്. ഉമ്മുല്‍ ഹമ്മാം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.30നു പരിപാടി ആരംഭിക്കും.

ജിസിസി, യുകെ, ഇന്ത്യ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കോഴിക്കോട് കൊയിലാണ്ടി പ്രദേശത്തുള്ളവരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയാണ് കൊയിലാണ്ടിക്കൂട്ടം. ഗാല നൈറ്റ് വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ റാഫി കൊയിലാണ്ടി, പ്രസിഡന്റ് റാഷിദ് ദയ, ജനറല്‍ സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം എന്നിവര്‍ അറിയിച്ചു.

പ്രഷീദ് തൈക്കൂടത്തിലിനെ പ്രോഗ്രാം ചെയര്മാന്‍ ആയും നൗഷാദ് സിറ്റി ഫഌവറിനെ പ്രോഗ്രാം കണ്‍വീനര്‍ ആയും തിരഞ്ഞെടുത്തു. കൊയിലാണ്ടികൂട്ടം മുഖ്യ രക്ഷാധികാരികളില്‍ ഒരാളായ അന്തരിച്ച പി വി സഫറുല്ലയെ അനുസ്മരിക്കുകയും ആദരം നല്‍കുകയും ചെയ്യുമെന്ന് പ്രസിഡന്റ് റാഷിദ് ദയ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. യോഗത്തില്‍ ട്രഷറര്‍ മുബാറക്ക് അലി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.