വിസ സ്റ്റാമ്പിംഗിന് തൊഴില്‍ കരാര്‍ നിര്‍ബന്ധം

റിയാദ്: തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ കരാര്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റ്. ചേംബര്‍ ഓഫ് കോമേഴ്‌സ് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാര്‍ ഇല്ലാത്ത അപേക്ഷകള്‍ സ്റ്റാമ്പ് ചെയ്യില്ലെന്നും മുംബൈയിലെ സൗദി കോണ്‍സുലേറ്റ് വ്യക്തമാക്കി.

തൊഴില്‍ കരാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ നിലവിലുണ്ട്. എന്നാല്‍ ദല്‍ഹിയിലെ സൗദി എംബസി സ്റ്റാമ്പ് ചെയ്യുന്ന വിസകള്‍ക്ക് മാത്രമാണ് വ്യവസ്ഥ കര്‍ശനമായി നടപ്പാക്കിയിരുന്നത്. മുംബൈ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കുഞ ട്രാവല്‍ ഏജന്‍സികള്‍ നിര്‍ബന്ധമായും തൊഴില്‍ കരാര്‍ സമര്‍പ്പിക്കണമെന്ന് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കണം. തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെച്ച കരാര്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കും. ഇരുകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വ്യാജ തൊഴില്‍ കരാറിന് അവസരം നല്‍കാതിരിക്കാനാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തണമെന്ന് വ്യവസ്ഥയും നിര്‍ബന്ധമാക്കിയത്.

Leave a Reply