റിയാദ്: സൗദിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപറേറ്റ് ചെയ്യുന്ന സ്വദേശി യുവതിയുടെ വൈദഗ്ദ്യം ശ്രദ്ധനേടുന്നു. അല്‍ ഹസയില്‍ ഈന്തപ്പഴ സംസ്‌കരണ ഫാക്ടറിയിലാണ് അലീഖ എന്ന യുവതിയുടെ ഫോര്‍ക് ലിഫ്റ്റ് വൈദഗ്ദ്യം ശ്രദ്ധനേടുന്നത്.
ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികളാണ് അല്‍ ഹസയിലെ ഈന്തപ്പഴ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവരിലേറെയും. ഇന്ന് മുഴുവന്‍ ജോലികളും നിര്‍വഹിക്കുന്നത് സ്വദേശി യുവതികളാണ്. ഇവിടെയാണ് സ്വദേശി യുവതി അഖീല ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈന്തപ്പഴം നിറച്ച കാര്‍ട്ടനുകള്‍ ട്രക്കുകളില്‍ ലോഡുചെയ്യുന്നതും അണ്‍ലോഡു ചെയ്യുന്നതും ഇവരാണ്.
ആത്മ സംതൃപ്തിയോടെയാണ് ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റ് ജോലി നിര്‍വ്വഹിക്കുന്നതെന്ന് അഖീല പറയുന്നു. അതുകൊണ്ടുതന്നെ ജോലി ആനന്ദകരമാണ്. സൂക്ഷ്മതയും വേഗതയും ആവശ്യമുളള ജോലിയാണിത്. ഇതെല്ലാം കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സൗദിയിലെ പല തൊഴില്‍ മേഖലകളിലും പുരുഷന്‍മാരുടെ ആധിപത്യം ഇല്ലാതാവുകയാണ്. വനിതകള്‍ക്ക് തൊഴില്‍ വിപണി തുറന്നുകൊടുത്തതോടെ നിരവധി തസ്തികകളില്‍ ജോലി ചെയ്യാന്‍ വനിതകള്‍ സന്നദ്ധരാണ്. ഇതോടെ നിരവധി വിദേശ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.