Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

ലക്ഷ്മിയുടെ വിയോഗം; ഞെട്ടല്‍ വിട്ടുമാറാതെ മലയാളി സമൂഹം

ജുബൈല്‍: സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ലക്ഷ്മി ശ്രീകുമാറി(34)ന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം. മൂന്നു ദിവസം മുമ്പു നടന്ന നവോദയ കുടുംബവേദി കണ്‍വന്‍ഷനില്‍ ലക്ഷ്മി സജീവമായിരുന്നു. നവംബറില്‍ അരങ്ങേറിയ ‘മഹര്‍ജാന്‍ ജുബൈല്‍’ പരിപാടിയില്‍ സംഘാടക സമിതിയില്‍ നിര്‍ണായ സ്ഥാനത്ത് പ്രവര്‍ത്തിച്ചു.

ഓണാഘോഷങ്ങളിലും സാമൂഹിക ബോധവത്ക്കരണ പരിപാടികളിലും കലാവിരുന്നുകളിലും മറ്റു വനിതകള്‍ക്കു കൂടി പ്രോത്സാഹനം നല്‍കി ഓടിനടന്നിരുന്ന ലക്ഷ്മിയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊളളാന്‍ സഹപ്രവര്‍ത്തകര്‍ക്കു ഇനിയും കഴിഞ്ഞിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞ് ഒഴിവു സമയങ്ങളിലെല്ലാം ജുബൈലിലെ സാംസ്‌കാരിക പരിപാടികളില്‍ ഓടി നടന്നിരുന്ന ലക്ഷ്മിയുടെ വിയോഗം സൃഷ്ടിച്ച അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം സഫീന താജു പറഞ്ഞു.

നവോദയ ജുബൈല്‍ കുടുംബവേദി ടൗണ്‍ ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് പ്രവര്‍ത്തക സമിതി അംഗമാണ് ശ്രീലക്ഷ്മി. അല്‍ മന ആശുപത്രി അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്‌സ് ആണ്. ആയതുകൊണ്ടുതന്നെ ആശുപത്രിയിലെത്തുന്ന മലയാളികള്‍ക്ക് പ്രത്യേകം ആശ്വാസമായിരുന്നു ലക്ഷ്മിയുടെ സേവനം. ഭര്‍ത്താവ് ശ്രീകുമാര്‍ നവോദയ ക്ഷേമ വിഭാഗം കണ്‍വീനറാണ്.

ഏതാനും ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ശ്രീലക്ഷ്മി ചികിത്സ തേടിയിരുന്നു. ഇസിജി പരിശോധനയ്ക്കു വിധേയമായെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. എന്നാല്‍ ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനവും പരിശോധിക്കുന്ന അള്‍ട്രാസൗണ്ട് പരിശോധനയായ എക്കോകാര്‍ഡിയോഗ്രാം നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചിരുന്നു.

വിഷു ആഘോഷിക്കാനുളള ഒരുക്കത്തിലായിരുന്നു ലക്ഷ്മിയും കുടുംബവും. വിഷുക്കണിയ്ക്കു ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. ഗ്യാസിന്റെ ഉപദ്രവമാണെന്നു കരുതി മരുന്നു കഴിച്ചെങ്കിലും ഛര്‍ദ്ദിച്ചതോടെ ആശുപത്രിയിലെത്തിച്ചു. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ബിഎസ്‌സി നഴ്‌സിംഗ് പൂര്‍ത്തിയാക്കി ബിലിവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലും ഇഖ്‌റ ശുപത്രിയിലും സേവനം അനുഷ്ടിച്ചതിന് ശേഷം 2021ല്‍ സന്ദര്‍ശന വിസയിലാണ് ശ്രീലക്ഷ്മി ജുബൈലില്‍ എത്തിയത്.

പിന്നീട് അല്‍ മന ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി നിയമനം ലഭിക്കുകയായിരുന്നു. ഭര്‍ത്താവ്: ശ്രീകുമാര്‍. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക (10) മകളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top