Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

അറഫ പ്രഭാഷണം 35 ഭാഷകളില്‍; രാജാവിന്റെ പദ്ധതിയില്‍ മലയാളി യുവാവും

മക്ക: ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമത്തിലെ പ്രഭാഷണം 35 ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു തത്സമയം സംപ്രേഷണം ചെയ്യും. ഇതിന് ചുക്കാന്‍ പിടിക്കുന്നതില്‍ മലയാളി യുവാവും. റിയാദില്‍ ജനിച്ചു വളര്‍ന്ന സജീല്‍ മുഹ്‌യുദ്ദീന്‍ അല്‍ മക്കി പദ്ധതിയുടെ പ്രോജക്ട് അസിസ്റ്റന്റ് കോഓര്‍ഡിനേറ്ററാണ്. ഈ വര്‍ഷം ആദ്യമായി മലയാളം തര്‍ജ്ജിമ ഉള്‍പ്പെടുത്തിയപ്പോള്‍ പരിഭാഷകനായി തെരഞ്ഞെടുത്തതും സജീലിനെ ആണ്.

റിയാദ് അല്‍ യാസ്മിന്‍ സ്‌കൂളില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അല്‍ ഹറം അല്‍ മക്കി കോളെജിലായിരുന്നു തുടര്‍ പഠനം. ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി 13 വര്‍ഷമായി മസ്ജിദുല്‍ ഹറം തര്‍ജ്ജിമ വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ്. റിയാദില്‍ പ്രവാസിയായ ഇസ്‌ലാഹി പ്രവര്‍ത്തകന്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ അരൂര്‍ തേനൂട്ടി കല്ലിങ്ങല്‍ മുഹ്‌യുദ്ദീന്‍ മൊയ്തു-സബീഹ ദമ്പതികളുടെ മകനാണ്. പണ്ഡിതനായ വാഴക്കാട് എംടി അബ്ദുല്‍ റഹ്മാന്‍ മൗലവിയുടെ മകന്‍ എംടി അബ്ദുറഊഫ് ഇനായത്തുല്ലയുടെ ചെറുമകനാണ്.

ഈ വര്‍ഷം ശൈഖ് സാലെഹ് ബിന്‍ ഹുമൈദാണ് അറഫാ പ്രഭാഷണം നിര്‍വ്വഹിക്കുക. അറഫാ മൈതാനിയിലെ നമിറ മസ്ജിദില്‍ നടക്കുന്ന പ്രഭാഷണം ലോക ജനതയക്കു തത്സമയം മാതൃഭാഷയില്‍ കേള്‍ക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ടു നിയന്ത്രിക്കുന്ന പദ്ധതി പ്രകാരമാണ് നടപ്പിലാക്കുന്നത്. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി ജനറല്‍ പ്രസിഡന്‍സിയാണ് പദ്ധതിയ്ക്കു നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം വരെ 20 ഭാഷകളിലാണ് അറഫ പ്രഭാഷണം തര്‍ജ്ജിമ ചെയ്തിരുന്നത്. 10 ഭാഷകളില്‍ തര്‍ജ്ജിമ ചെയ്തിരുന്ന 2021ല്‍ 10 കോടി ജനങ്ങളാണ് ഖുതുബ ശ്രവിച്ചത്. ഇസ്‌ലാമിന്റെ സന്ദേശവും മാനവിക മൂല്യങ്ങളും കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് ഈ വര്‍ഷം 35 ഭാഷകളില്‍ തത്സമയ പരിഭാഷ ഏര്‍പ്പെടുത്തുന്നത്.

മലയാളത്തിന് പുറമെ ഉറുദു, ഇംഗ്ലീഷ് ഫ്രഞ്ച്, ഇന്തോനേഷ്യന്‍, പേര്‍ഷ്യന്‍ (ഫാര്‍സി), ഹൗസ, ചൈനീസ് (മന്ദാരിന്‍), റഷ്യന്‍, ബംഗാളി, ടര്‍ക്കിഷ്, മലായ് (ബഹാസ മെലായു), സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫിലിപ്പിനോ (ടഗാലോഗ്), അംഹാരിക് (എത്യോപ്യ), ബോസ്‌നിയന്‍, ഹിന്ദി, ഡച്ച്, തായ്, സ്വാഹിലി, പാഷ്‌തോ, തമിഴ്, അസര്‍ബൈജാനി, സ്വീഡിഷ്, ഉസ്‌ബെക്ക്, അല്‍ബേനിയന്‍, ഫുലാനി (ഫുല), സൊമാലി, റോഹിംഗ്യ, യോറുബ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യും.

രാജ്യാന്തര തലത്തില്‍ അറബി സംസാരിക്കാത്ത മുസ്ലീങ്ങള്‍ക്കും അമുസ്ലീങ്ങള്‍ക്കും ഇസ്ലാമിന്റെ സന്ദേശം എത്തിക്കാന്‍ പദ്ധതിക്കു കഴിയും. അറഫ പ്രഭാഷണം ശ്രവിക്കാന്‍ https://manaratalharamain.gov.sa/arafa/arafa_sermon/en ലിങ്ക് ക്ലിക് ചെയ്ത് ഭാഷ സെലക്ട് ചെയ്യുക. പീസ് റേഡിയോയിലും https://peaceradio.com/ മലയാളം പരിഭാഷ തത്സമയം ലഭ്യമാണ്.

സജീല്‍ പിതാവ് മുഹ്‌യുദ്ദീന്‍ മൊയ്തുവിനൊപ്പം

വൈവിധ്യമാര്‍ന്ന ഭാഷകളും സാംസ്‌കാരവുമുളള ജനങ്ങള്‍ക്കിടയില്‍ ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ പദ്ധതി സഹായിക്കും. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും സഹകരണവും വളര്‍ത്തുീക, മതത്തിന് അതീതമായി സംഭാഷണവും സാംസ്‌കാരവും കൈമാറാന്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top