Sauditimesonline

kmcc logo
കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണം ജൂണ്‍ 20ന്

ആത്മ നിര്‍വൃതിയില്‍ തീര്‍ത്ഥാടകര്‍; ക്ഷമയാണ് ഏറ്റവും വലിയ അനുഗ്രഹം: ശൈഖ് സാലെഹ്

മക്ക: സമഭാവനയുടെ സന്ദേശം വിളംബരം ചെയ്ത് അറഫാ സംഗമത്തിന് പരിസമാപ്തി. ഹജ്ജിന്റെ പുണ്യം തേടിയെത്തിയ തീര്‍ത്ഥാടക ലക്ഷക്ഷള്‍ ആത്മ നിര്‍വൃതിയോടെ അറഫയില്‍ നിന്നു മുസ്ദലിഫയിലേയ്ക്കു നീങ്ങി തുടങ്ങി. ഇന്ത്യയില്‍ നിന്നുളള മുഴുവന്‍ തീര്‍ത്ഥാടകരും അറഫാ സംഗമത്തില്‍ പങ്കെടുത്തതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.

പാപത്തിലും അക്രമത്തിലും വിശ്വാസികള്‍ സഹായികളായി മാറരുതെന്ന് അറഫയിലെ നമിറ മസ്ജിദില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ ശൈഖ് സാലെഹ് ബിന്‍ ഹുമൈദാന്‍ ആഹ്വാനം ചെയ്തു. പുണ്യത്തിലും സൂക്ഷ്മതയിലും പരസ്പരം സഹായിക്കണം. ക്ഷമയാണ് ഏറ്റവും വലിയ അനുഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അതിരാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ അറഫാ മൈതാനിയിലെ മരച്ചുവടുകളിലും ജബല്‍ റഹ്മ മലനിരകളിലും സ്ഥാനം പിടിച്ചു. ശീതീകരിച്ച നിരവധി തമ്പുകളും അറഫയില്‍ ഒരുക്കിയിരുന്നു.

അതി കഠിനമായ അന്തരീക്ഷ താപം അനുഭവപ്പെടുന്ന രാവില 11 മുതല്‍ 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ വിശ്രമിക്കരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീര്‍ത്ഥാടകര്‍ സംഗമിക്കുന്ന സ്ഥലങ്ങളിലെല്ലാം കൂളറുകളും ശീതീരണ സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. സൗജന്യ കുടകളും വിതരണം ചെയ്തു. അതുകൊണ്ടുതന്നെ സൂര്യാഘാതം ഉള്‍പ്പെടെയുളള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ അറഫയിലെ കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയില്‍ കഴിഞ്ഞവരെയും വീല്‍ ചെയര്‍ ആവശ്യമുളളവരെയും ആംബുലന്‍സുകളിലും പ്രത്യേക വാഹനങ്ങളിലും അറഫയില്‍ എത്തിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഈ വര്‍ഷം 180 രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷം തീര്‍ത്ഥാടകരാണ് മക്കയിലെത്തിയത്. 1.75 ലക്ഷം തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്നുളളത്. ഇതില്‍ 17,883 പേര്‍ മലയാളികളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top