റിയാദ്: കിംഗ് ഖാലദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അസ്വഭാവിക പെരുമാറ്റത്തിന് അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന് സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും തുണയായി. നജ്‌റാനില്‍ നിന്ന് റിയാദ് വഴി ദല്‍ഹിയിലേക്ക് പുറപ്പെട്ട ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് കൊല്‍ഹുയ് സ്വദേശി ഇന്ദ്രദേവി(29)നെ റിയാദ് എയര്‍പോര്‍ട്ടില്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ യാത്രമുടങ്ങി.
എയര്‍പോര്‍ട്ടില്‍ നിന്ന് സഹായം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു. യുവാവിനെ നേരില്‍ കണ്ട സാമൂഹിക പ്രവര്‍ത്തകരാണ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ എംബസിയുടെ സഹായത്തോടെ വിദഗ്ദ ചികിത്സ ലഭ്യമാക്കി. ബത്ഹ ഡി-പാലസ് ഹോട്ടലില്‍ ഒരാഴ്ച താമസിച്ച് ആരോഗ്യം വീണ്ടെടുത്ത ഇന്ദ്രദേവ് കഴിഞ്ഞ ദിവസം ദല്‍ഹിയിലേക്ക് മടങ്ങി. ആലപ്പുഴ ഓച്ചിറ സ്വദേശി ഷിജു സുല്‍ത്താന്‍ ഇന്ദ്രദേവിനെ അനുഗമിച്ചു.
മെയ് 20ന് ആണ് ഇന്ദ്രദേവ് നജ്‌റാനില്‍ ജോലിക്കെത്തിയത്. ഹൗസ് ഡ്രൈവര്‍, ആടിനെ പരിപാലിക്കല്‍ എന്നിവയായിരുന്നു ജോലി. നജ്‌റാനില്‍ ജോലി ചെയ്യുന്ന പിതൃ സഹോദര പുത്രനാണ് വിസ തരപ്പെടുത്തിയത്. എന്നാല്‍ ഒരാഴ്ചക്കകം അസ്വഭാവിക പെരുമാറ്റം കണ്ടതോടെ മടക്കി അയക്കുകയായിരുന്നു. 29ന് നാസ് എയര്‍ലൈന്‍സില്‍ ഇന്ത്യയിലേക്കുളള മടങ്ങാനാണ് റിയാദ് എയര്‍പോര്‍ട്ടിലെത്തിയത്. അസ്വഭാവിക പെരുമാറ്റം ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഇന്ദ്രദേവിനെ കസ്റ്റഡിയിലെടുത്തു. ഇതോടെ യാത്രയും മുടങ്ങി.
ഷിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരായ കബീര്‍ പട്ടാമ്പി, മുജീബ് കായംകുളം, റഊദ് പട്ടാമ്പി, ഷംസുദ്ദീന്‍ എടത്തനാട്ടുകര, മനേജ്, സിബിന്‍ ജോജേ, നാസര്‍ വണ്ടൂര്‍ എന്നിവരാണ് ഇന്ദ്രദേവിനെ ഒരാഴ്ച റിയാദില്‍ പരിചരിച്ചത്. എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ മൊയിന്‍ അക്തര്‍, ഡിസിഎം അബു മാത്തന്‍ ജോര്‍ജ്, ഉദ്യോഗസ്ഥരായ സത്താര്‍, ഷറഫ്, ഹരി, എയര്‍ ഇന്ത്യാ സൂപ്പര്‍വൈസര്‍ റഫീഖ്, ഹാമിദ് മഹ്മൂദ് ഖാജ എന്നിവരും സഹായത്തിന് രംഗത്തുണ്ടയിരുന്നു. ചികിത്സ, താമസം, സഹയാത്രികനുളള വിമാന ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു അനുവദിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.