Sauditimesonline

saif karu
ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

തമിഴ്‌നാട്ടുകാരന്‍ ചതിച്ചെന്ന് മലയാളിയുടെ പരാതി: ഏഴു വര്‍ഷമായി ദുരിതം; മാസങ്ങള്‍ തടവും

റിയാദ്: തമിഴ്‌നാട് സ്വദേശിയുടെ ചതിയില്‍പെട്ട മലയാളി നാടണയാന്‍ സഹായം തേടുന്നു. ഏഴു വര്‍ഷം മുമ്പ് ജോലിതേടി സൗദിയിലെത്തിയ കോഴിക്കോട് കോളത്തറ സ്വദേശി ബാബു ആണ് സഹായം തേടി ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചത്. തൊഴില്‍ കരാറുകാരനും സഹപ്രവര്‍ത്തകനുമായ തമിഴ്‌നാട് സ്വദേശിയാണ് ചതിയില്‍ പെടുത്തിയതെന്ന് ബാബു എംബസ്സിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2017ലാണ് ബാബു നിര്‍മാണ തൊഴിലാളിയായി റിയാദില്‍ എത്തിയത്. ബാബുവിനെ സ്വീകരിക്കാന്‍ സ്‌പോണ്‍സറുടെ പ്രതിനിധിയായി എയര്‍പോര്‍ട്ടില്‍ എത്തിയത് തമിഴ്‌നാട് സ്വദേശി രാജുവാണ്. അടുത്ത ദിവസം സ്‌പോണ്‍സറെ കാണുകയും പാസ്‌പോര്‍ട്ട് കൈമാറുകയും ചെയ്തു. സ്‌പോണ്‍സര്‍ ഇഖാമ നല്‍കുകയും ജോലി തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാഷ അറിയാത്തതിനാല്‍ രാജുവാണ് സ്‌പോണ്‍സറുമായി സംസാരിച്ചിരുന്നത്. ആദ്യ ഒരു വര്‍ഷം കൃത്യമായി ഇഖാമയും ശമ്പളവും നല്‍കി. ജോലി കണ്ടെത്തുന്നതും ശമ്പളം നല്‍കുന്നതും രാജുവായിരുന്നു. രണ്ടാം വര്‍ഷം ഇഖാമ പുതുക്കിയില്ല. എങ്കിലും ജോലിയും ശമ്പളവും ലഭിച്ചു. ഇഖാമ പുതുക്കുന്നതിനുള്ള പണം സ്‌പോണ്‍സറെ ഏല്പിച്ചിട്ടുണ്ടെന്നും ഉടനെ ലഭിക്കുമെന്നും രാജു അറിയിച്ചിരുന്നു.

രണ്ടര വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകാനൊരുങ്ങിയപ്പോഴാണ് ഇഖാമ പുതുക്കാത്തത് വിനയായത്. ഉടനെ ലഭിക്കുമെന്ന് രാജു ആവര്‍ത്തിച്ചു. തൊട്ടു പിറകെ കൊറോണ മഹാമാരി പൊട്ടിപുറപ്പെടുകയും, സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഒന്നര വര്‍ഷം ജോലി ഇല്ലാതായ ബാബുവിന് നാട്ടില്‍ പോകാന്‍ സ്വരുപിച്ച സമ്പാദ്യവും നിത്യചെലവിന് ഉപയോഗിക്കേണ്ടി വന്നു.

കൊറോണ മഹമാരിയുടെ ഭീതി പതിയെ വിട്ടകലുകയും വീണ്ടും ജോലി ലഭിച്ചു തുടങ്ങിയെങ്കിലും ഇഖാമയും കൃത്യമായ ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ മൂത്ത മകളുടെ വിവാഹം ശരിയാകുകയും ബാബു നാട്ടില്‍ പോകണമെന്ന് രാജുവിനോട് ആവശ്യപ്പെടുകയും ചെയ്തു. രാജു കൃത്യമായ മറുപടി നല്‍കാതായപ്പോള്‍ വാക്ക്തര്‍ക്കമായി മാറി

സ്‌പോണ്‍സറെ നേരില്‍ കാണണമെന്ന് ബാബു ആവശ്യപ്പെട്ടപ്പോഴാണ് ആദ്യ ഇഖാമ വാങ്ങി പോന്നതില്‍ പിന്നെ രാജു സ്‌പോണ്‍സറുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് പുറത്തു നിന്നു എക്‌സിറ്റ് അടിക്കാനുള്ള സൗകര്യം ചെയ്തു തരാമെന്നും അതിനായി ഏജന്‍സിക്ക് 8000 റിയാല്‍ നല്‍കണമെന്നും രാജു ആവശ്യപ്പെട്ടു. തനിക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശികയില്‍ നിന്നു എടുക്കാന്‍ ബാബു പറഞ്ഞതനുസരിച്ച് എക്‌സിറ്റ് അടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നീക്കി. ഇന്ത്യന്‍ എംബസ്സിയെ സമീപിച്ച് എമര്‍ജന്‍സി പാസ്സ്‌പോര്‍ട്ട് തരപ്പെടുത്തി എക്‌സിറ്റ് അടിക്കുന്നതിനായി ഏജന്‍സിക്ക് നല്‍കി. തൊട്ടടുത്ത ദിവസം തന്നെ എക്‌സിറ്റ് അടിച്ച വിവരം അറിയിച്ചു എങ്കിലും ഒരാഴ്ച കഴിഞ്ഞാണ് രാജു ടിക്കറ്റും പാസ്‌പോര്‍ട്ടും നല്‍കിയത്. രാജുതന്നെ ബാബുവിനെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്തു.

ലഗേജ് നടപടികള്‍ പൂര്‍ത്തിയാക്കി എമിഗ്രേഷനില്‍ കടന്നപ്പോഴാണ് യാത്രാ വിലക്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീണ്ടും ജോലിയില്‍ തുടര്‍ന്ന് കൊണ്ട് ബാബു പല സാമൂഹ്യ പ്രവര്‍ത്തകരെയും സമീപിച്ചു. രണ്ടു വര്‍ഷം കടന്ന് പോയതല്ലാതെ മടക്ക യാത്ര സാധ്യമായില്ല. ഇതിനിടെ സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ ബാബു കസ്റ്റഡിയിലായി. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ രണ്ട് മാസം കഴിഞ്ഞു. അവിടെ നിന്നാണ് ബുറൈദയില്‍ കേസുണ്ടെന്ന വിവരം അറിയുന്നത്. റിയാദ് വിട്ട് പുറത്തുപോയിട്ടില്ലാത്ത തനിക്കെതിരെ ബുറൈദയില്‍ കേസ് വന്നതിനെ കുറിച്ച് ബാബുവിന് ഒരറിവും ഉണ്ടായിരുന്നില്ല. റിയാദ് നാട് കടത്തല്‍ കേന്ദ്രത്തില്‍ നിന്നു രണ്ട് മാസത്തിനു ശേഷം ബുറൈദയിലേക്ക് മാറ്റിയ ബാബുവിനെ ഒരു മാസത്തിനു ശേഷം അവിടെനിന്നും പുറത്തു വിട്ടു. ഒരു ബന്ധുവിന്റെ സഹായേത്താടെ റിയാദില്‍ തിരിച്ചെത്തി കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ ജാഫറിനെ സമീപിച്ചു ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കി. എംബസ്സിയിലെ പരാതിക്കൊപ്പം കേളി നടത്തിയ അന്വേഷണത്തില്‍ ബാബുവിന്റെ പേരിലുള്ള കേസ് കണ്ടെത്തി.

രണ്ടുവര്‍ഷം മുമ്പ് എക്‌സിറ്റ് അടിക്കുന്നതിനായി സമീപിച്ച ഏജന്‍സിയായിരുന്നു കേസ് നല്‍കിയത്. എക്‌സിറ്റ് അടിക്കുന്നതിനായി ചിലവായ 7,202 റിയാല്‍ നല്‍കാത്തതിന്റെ പേരില്‍ വഞ്ചനാ കുറ്റം ചുമത്തി ബുറൈദയിലാണ് കേസ്. രാജു ഏജന്‍സിക്ക് പണം നല്‍കാതെ പാസ്‌പോര്‍ട്ട് വാങ്ങിയെന്നാണ് ബാബു പറയുന്നത്. ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബാബു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഒരാള്‍ നേഴ്‌സിങിനും മറ്റൊരാള്‍ ഡിഗ്രിക്കും പഠിക്കുന്നു. നാട്ടിലെത്താനുള്ള നിയമകുരുക്കുകള്‍ നീങ്ങി എത്രയും പെട്ടെന്ന് നാടണയാനാകുമെന്ന പ്രതിക്ഷയിലാണ് ബാബു. കേസ് നല്‍കിയ ഏജന്‍സിയുമായി സംസാരിച്ചിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കേളീ ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top