
ജിദ്ദ: ജുമുഅ പ്രാര്‍ത്ഥനക്കിടെ മക്കയിലെ മസ്ജിദുല്‍ ഹറമിലെ പ്രസംഗ പീഠത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം. മെയ് 21ന് ജുമുഅ നമസ്‌കാരത്തിന് മുമ്പ് ഇമാം ഉത്‌ബോധന പ്രഭാഷണം നടത്തുന്നതിനിടെയാണ് വിശ്വാസികള്‍ക്കിടയില്‍ നിന്നു ഒരാള്‍ മുന്‍ നിരയിലേക്ക് പാഞ്ഞടുത്തത്. പ്രസംഗ പീഠത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ തടഞ്ഞു. മല്‍പ്പിടുത്തം നടത്തി മുന്നോട്ടു നീങ്ങാനുളള ശ്രമം തടഞ്ഞ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഞൊടിയിടയില്‍ ഇയാളെ കീഴ്‌പ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതായി മക്ക മേഖലാ പൊലീസ് അറിയിച്ചു.

ഉംറ കര്‍മം നിര്‍വഹിക്കുന്നതിനുളള ശുഭ്ര വസ്ത്രം ധാരിച്ചാണ് ഇയാള്‍ മസ്ജിദില്‍ പ്രവേശിച്ചത്. കൊവിഡ് പ്രോടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ശന പരിശോധനയും മസ്ജിദില്‍ പ്രവേശിക്കുന്നതിന് മുന്‍കൂട്ടി അനുമതിയും ആവശ്യമാണ്. മാത്രമല്ല കൊവിഡ് രോഗ മുക്തി നേടി രോഗ പ്രതിരോധശേഷി കൈവരിക്കുകയോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരോ ആയിരിക്കണം. ഇയാളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അക്രമിയുടെ പേര് വിവരങ്ങളോ ഏത് രാജ്യക്കാരനാണെന്നോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരുകയാണെന്നും മക്ക പൊലീസ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
