റിയാദ്: ബഹുസ്വര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ‘ഇന്‍ഡ്യ’ മുന്നണിയെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫ്. മുന്നണിയെ തകര്‍ക്കാനുളള കുതന്ത്രങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. സനാതന ധര്‍മ്മം തുടച്ചു നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റ പ്രസ്താവന ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ ഐക്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് ഇത്തരം പ്രസ്താവനകള്‍ സംഘപരിവാറിനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് വിവാദം ഒഴിവാക്കുന്നതാണ് ഉത്തമമെന്നും റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എ വ്യക്തമാക്കി.
ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. ജനാധിപത്വ വിശ്വാസികള്‍ ഭാരതീയരാണ്. എന്നാല്‍ ബിജെപി മുന്നോട്ടുവെക്കുന്ന പേരുമാറ്റത്തിന് ഈ വൈകാരികത കാണാനില്ല. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുളള ശ്രമത്തെയാണ് എതിര്‍ക്കുന്നത്. അല്ലാതെ ഭാരതമെന്ന പേരിനോടു വിയോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാണ് അരങ്ങേറുന്നത്. ഇതിനെതിരെ ഐക്യജനാധിപത്യമുന്നണി ചെറുത്തുനില്‍പ്പും ബോധവത്ക്കരണവും തുടരും. പാവപ്പെട്ടവര്‍ കൂടുതല്‍ ദുരിതം നേരിടുമ്പോള്‍ മുഖ്യമന്ത്രി ആഡംബരത്തില്‍ മുഴുകുകയാണ്. തോമസ് ഐസക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയും സര്‍ക്കാര്‍ കെടുകാര്യസ്ഥത സമ്മതിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപിച്ച ‘പിരിസപ്പാട്’ സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കാനാണ് എം.എല്‍.എ. റിയാദില്‍ എത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കുഞ്ഞി കരകണ്ടം, ജനറല്‍ സെക്രട്ടറി ഇബ്രാഹീം മഞ്ചേശ്വരം, കാസര്‍കോട് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, മണ്ഡലം ചെയര്‍മാന്‍ ഖാദര്‍ നാട്ടക്കല്‍, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.