
റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ മള്‍ട്ടിപ്പില്‍ റീ എന്‍ട്രി വിസിറ്റ് വിസ വിതരണം നിര്‍ത്തിവെച്ചു. ഫാമിലി വിസകളും തൊഴില്‍ വിസകളും ഒഴിവാക്കി സന്ദര്‍ശന വിസ ഉപയോഗിച്ചാല്‍ ലെവി അടക്കാതെ രാജ്യത്ത് ദീര്‍ഘകാലം കഴിഞ്ഞിരുന്നവര്‍ക്കാണ് മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ നിര്‍ത്തലാക്കിയത് തിരിച്ചടിയായത്. എന്നാല്‍ ഇത്തരക്കാരെ നിയന്ത്രിക്കാനാണ് മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ നിര്‍ത്തലാക്കാന്‍ കാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2017ല്‍ ആണ് സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിത വിസയിലുളളവര്‍ക്കും ലെവി ഏര്‍പ്പെടുത്തിയത്. നിലവില്‍ ആശ്രിത വിസയിലുളളവര്‍ വര്‍ഷം 4,800 റിയാലും തൊഴിലാളികള്‍ 9,600 റിയാലും ലെവി അടക്കണം. തൊഴിലാളികളുടെ ലെവി തൊഴിലുടമയും ആശ്രിതരുടേത് ഗൃഹനാഥനുമാണ് അടക്കേണ്ടത്. നാലംഗ കുടുംബത്തിന് വര്‍ഷം 19200 റിയാല്‍ ഗൃഹനാഥന്‍ അടക്കണം.

ഇതോടെ നിരവധി കുടുംബങ്ങള്‍ ഫൈനല്‍ എക്‌സിറ്റ് നേടി മടങ്ങിയിരുന്നു. എന്നാല്‍ നേരത്തെ ഫാമിലി വിസയില്‍ കഴിഞ്ഞയിരുന്നവര്‍ കോവിഡിന് ശേഷം മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയില്‍ ഗണ്യമായി എത്തി തുടങ്ങി. ഇവര്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയാകുന്നത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ഡന്‍, സുഡാന്‍, അള്‍ജീരിയ, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, യെമന്‍ എന്നീ 14 രാജ്യങ്ങളില്‍നിന്നുളളവര്‍ക്കാണ് നിയന്ത്രണം. സന്ദര്‍ശന വിസക്ക് പുറമെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസം, ബിസിനസ് വിസകളും നിര്‍ത്തിവെച്ചു. മൂന്നുമാസത്തേക്ക് ഒന്നിച്ച് സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

14 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സിംഗിള്‍ എന്‍ട്രി വിസകള്‍ തുടരും. ഇവര്‍ ഒരോ 30 ദിവസവും 100 റിയാല്‍ ഫീസ് അടച്ച് പുതുക്കേണ്ടിവരും. ഇങ്ങനെ രണ്ടുതവണ പുതുക്കി പരമാവധി 90 ദിവസം മാത്രമേ സൗദിയില്‍ തുടരാന്‍ കഴിയുകയുളളൂ. സിംഗിള്‍ എന്‍ട്രി വിസയിലെത്തിയ ശേഷം കാലാവധിക്കുമുമ്പ് സൗദിക്ക് പുറത്തുപോയാല്‍ വിസ റദ്ദാകും. എന്നാല്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയില്‍ സൗദിയില്‍ തുടരുന്നവര്‍ക്ക് വിസ പുതുക്കാന്‍ തടസമില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.