
റിയാദ്: പ്രവാസം തളര്‍ത്തിയ ശരീരം. നാലര ലക്ഷം റിയാലിന്റെ ബാധ്യത. ഒന്നര വര്‍ഷത്തെ ആശുപത്രി വാസം. സ്ട്രക്ചര്‍ അനുവദിച്ചു കിട്ടാനുളള കാത്തിരുപ്പ്. വെല്ലുവിളികള്‍ തുടര്‍ക്കഥയായപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തു. ഇതോടെ ഉത്തര്‍പ്രദേശ് സ്വദേശി നാടണഞ്ഞു.

പ്രാരാബ്ദങ്ങളുടെ ഭാണ്ഡവും പേറി പ്രതീക്ഷ നിറഞ്ഞ സ്വപ്‌നങ്ങളുമായി റിയാദിലെ സാലിം ഹുസൈന്‍ സാലിം അല്‍ സലാമ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഗോരഘ്പൂര്‍ നൗരംഗബാദ് സ്വദേശി ജുബൈര്‍ അഹമ്മദ് (43). കമ്പനിയുടെ താമസ കേന്ദ്രത്തില്‍ വിശ്രമിക്കുന്നതിനിടെ മുകളിലെ നിലയില്‍ നിന്ന് കുഴഞ്ഞു വീണു. താഴത്തെ നിലയിലെ എയര്‍ കണ്ടീഷനില്‍ തട്ടി നിലം പതിച്ചതോടെ ജൂബൈറിന്റെ ജീവിതത്തിലെ ദുരിതവും തുടങ്ങി. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. അടിയന്തിര ചികിത്സയും വിദഗ്ദ ചികിത്സയും ലഭ്യമാക്കിയെങ്കിലും ശരീരം ഭാഗികമായി തളര്‍ന്നു. പരസഹായം ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ് ഉളളതിനാല്‍ ഏഴു മാസം ഏറ്റവും മികച്ച പരിചരണമാണ് ലഭിച്ചത്. എന്നാല്‍ ചികിത്സാ ചെലവ് നാലര ലക്ഷം എത്തിയതോടെ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി പരിരക്ഷ നിഷേധിച്ചു. പണം അടക്കണമെന്ന് ചികിത്സിച്ച ആശുപത്രി നിര്‍ദേശിച്ചു. പണം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കേസും ഫയല്‍ ചെയ്തു. ഇതോടെ ജുബൈറിന്റെ നാട്ടിലേക്കുളള യാത്ര അനിശ്ചിതത്വത്തിലായി.

ഇതിനിടെ ഡിസ്ചാര്‍ജ് വാങ്ങി പലരുടെയും പരിചരണത്തില്‍ കഴിഞ്ഞു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ ആറുമാസം ചികിത്സ തുടര്‍ന്നു. അവിടെ നിന്ന് അല്‍ ഗാത് ആശുപത്രിയിലേയ്ക്കു മാറ്റി. നാലു മാസം അവിടെയും ചികിത്സിച്ചു. ആദ്യം ചികിത്സിച്ച ആശുപത്രിയിലെ കുടിശ്ശിക നാലര ലക്ഷം അടക്കാത്തതിനാല്‍ യാത്ര വിലക്ക് നേരിട്ടതോടെ നാട്ടിലേയ്ക്കു മടങ്ങാനുളള ശ്രമം വിജയിച്ചില്ല.

സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ആശുപത്രി അധികൃതര്‍, തൊഴിലുടമ, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ പലതവണ ജുബൈറിനെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭീമ മായ സംഖ്യ മടക്കാതെ യാത്ര സാധ്യമായില്ല. എംബസിയുടെ ഇടപെടലിനു പുറമെ തൊഴിലുടമ കേസ് നടത്തിപ്പിന് അഭിഭാഷകനെയും നിയമിച്ചു. ഇതോടെയാണ് കേസ് പിന്‍വലിച്ച് നാട്ടിലേക്കു മടങ്ങാന്‍ അവസരം ഒരുക്കിയത്.

എന്നാല്‍ ദല്‍ഹിയിലേക്കുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ സ്ട്രക്ചര്‍ ഇല്ലാത്തതിനാല്‍ യാത്ര വീണ്ടും വെല്ലുവിളിയായി. ദല്‍ഹിയില്‍ നിന്ന് ഒന്‍പത് സീറ്റുകള്‍ മാറ്റി സ്ട്രക്ചര്‍ ഘടിപ്പിച്ചു റിയാദിലേക്കു വിമാനം വരണം. ഇതിന് അധിക ചിലവും വരും. ജുബൈറിന്റെ കാത്തിരിപ്പ് തുടരുന്നതിനിടെ റിയാദ് എയര്‍ ഇന്ത്യാ ഓഫീസ് ഇടപെട്ട് ഇന്ത്യയില്‍ നിന്ന് രണ്ട് എഞ്ചിനീയര്‍മാര്‍ റിയാദിലെത്തി സീറ്റുകള്‍ക്ക് പകരം സ്ട്രക്ചര്‍ ഘടിപ്പിച്ചു. ഇതോടെയാണ് മടക്കയാത്ര സാധ്യമായത്. ഇന്ത്യന്‍ എംബസിയാണ് മടക്കയാത്രക്കുളള ടിക്കറ്റ് അനുവദിച്ചത്. ദല്‍ഹിയിലെത്തിയ ജുബൈറിനെ ബന്ധുക്കള്‍ ലക്‌നോ ആശുപത്രിയിലേക്കു കൊണ്ടുപോയി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.