റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ സുപ്രധാന തസ്തികകളില്‍ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കണമെന്ന ആവശ്യം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച നടക്കുന്ന കൗണ്‍സില്‍ സമ്മേളനത്തിന്റെ അജണ്ടയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ശൂറാ കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഗാസി ബിന്‍ സഖര്‍, അബ്ദുല്ല അല്‍ഖാലിദി, ഡോ. ഫൈസല്‍ ആല്‍ഫാദില്‍ എന്നിവരാണ് 75 ശതമാനം സംവരണം ആവശ്യമാണെന്ന് ആവശ്യപ്പെടുന്നത്.
വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം വോട്ടെടുപ്പ് നടക്കും. ഭൂരിപക്ഷത്തോടെ ശൂറയുടെ അംഗീകാരം നേടിയാല്‍ തൊഴില്‍ നിയമത്തിലെ 26ാം അനുബന്ധം പരിഷ്‌കരിച്ച് നിയമം നടപ്പിലാക്കും.
തൊഴില്‍ വിപണിയിലെ ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികളെ നിയമിക്കുന്നതിലൂടെ രാജ്യത്തിനും തൊഴില്‍ വിപണിക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴില്‍ വിപണിയില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ വിദേശ നിക്ഷേപത്തിന് തടസ്സമല്ലെന്ന് ഡോ. ഗാസി ബിന്‍ സഖര്‍ പറഞ്ഞു. സൗദി ജനറല്‍ ഇന്‍വെസ്റ്റുമെന്റ് അതോറിറ്റിയുടെ ആനുകൂല്യങ്ങളും പ്രീമിയം റസിഡന്റ് പെര്‍മിറ്റും തുടരും. ഉന്നത തസ്തികകളില്‍ അസന്തുലിതാവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.