Sauditimesonline

watches

യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നു; സൗദിയിലേക്ക് മടങ്ങാന്‍ അവസരം

റിയാദ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ യാത്രാ നിയന്ത്രണം സൗദി അറേബ്യ പിന്‍വലിക്കുന്നു. അടുത്തവര്‍ഷം ജനുവരി 1 മുതല്‍ കര, നാവിക, വ്യോമ പാതകള്‍ പൂര്‍ണമായി തുറക്കും. സെപ്തംബര്‍ 15 രാവിലെ 6 മുതല്‍ ഭാഗികമായി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയന്ത്രണങ്ങള്‍ക്കു വിധേയമായി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കും. ഇതുപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിവിലിയന്‍മാര്‍, മിലിട്ടറി, ഔദ്യോഗിക ചുമതലയുളളവര്‍, നയതന്ത്ര മിഷനുകളിലെ ഉദ്യോഗസ്ഥര്‍, പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളിലെ ജീവനക്കാര്‍, ബിസിനസുകാര്‍, കയറ്റുമതി, മാര്‍ക്കറ്റിംഗ്, സെയിത്സ് മാനേജര്‍മാര്‍, വിദഗ്ദ ചികിത്സ ആവശ്യമുളളവര്‍, വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന ആവശ്യമുള്ളവര്‍, ജി സി സി അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍, റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ തുടങ്ങിയവര്‍ക്ക് സൗദിയിലേക്ക് സെപ്തംബര്‍ 15 മുതല്‍ പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിസയുളളവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ റീ എന്‍ട്രി വിസയില്‍ രാജ്യത്തിനു പുറത്തുളളവര്‍ക്കു മടങ്ങിവരാന്‍ അവസരം ലഭിക്കും. ഇതുപ്രകാരം തൊഴില്‍ വിസയിലും ആശ്രിത വിസയിലും അവധിക്കു പോയവര്‍ക്കു മടങ്ങി വരാന്‍ കഴിയും.

വരും ദിവസങ്ങളില്‍ സൗദിയിലേക്കുളള വിമാനങ്ങളുടെ വിവരം എയര്‍ലൈനുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളാണ് സൗദിയില്‍ നിന്നു ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതേ മാതൃകയില്‍ ജാനുവരി ഒന്നുവരെ സൗദിയിലേക്കും പരിമിതമായ യാത്രാ സൗകര്യം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജാനുവരി ഒന്നു മുതല്‍ സമ്പൂര്‍ണമായി ഗതാഗതം പുനസ്ഥാപിച്ചതിന് ശേഷം മാത്രമേ വ്യോമ ഗതാഗതം സാധാരണ നിലയിലാവുകയുളളൂ. അതുകൊണ്ടുതന്നെ വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും. യാത്രകള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും യാത്രക്കാര്‍ പാലിക്കേണ്ട കൊവിഡ് പ്രോടോകോള്‍ വിവരങ്ങളും ഡിസംബറില്‍ പ്രഖ്യാപിക്കും. വിദഗ്ദ സമിതിയുടെ പഠനങ്ങളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാവും മാര്‍ഗ നിര്‍ദേശങ്ങളെന്നും മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top