റിയാദ്: നവോദയ മാക്‌സ്ലൈന്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ സ്റ്റാര്‍സ് റിയാദ് ജേതാക്കള്‍. ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ ക്ലബ് ദമ്മാമിനെയാണ് പരാജയപ്പെടുത്തിയത്. (25-21, 21-25, 25-15, 21-25, 18-16). ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ടിം ദിര്‍ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ടുസെറ്റുകള്‍ നേടിയാണ് സ്റ്റാര്‍സ് ഫൈനല്‍ പ്രവേശനം നേടിയത് (14-25, 25-19, 15-11). രണ്ടാം സെമിയില്‍ സൗദി ടീം ഫാല്‍ക്കണ്‍ ക്ലബ് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് ഇന്ത്യന്‍ ക്ലബ് ദമ്മാമിനോട് പരാജയപ്പെട്ടു. (20-25, 20-25).
വിവിധ ടീമുകള്‍ വ്യത്യസ്ത രാജ്യങ്ങളിലെ മികച്ച കളിക്കാരെ അണിനിരത്തിയാണ് മത്സരത്തിനെത്തിയത്. ഫാല്‍ക്കണ്‍ ടീമില്‍ സൗദി കളിക്കാര്‍ക്ക് പുറമേ ക്യൂബന്‍, മെക്‌സിക്കന്‍ താരങ്ങളും അണിനിരന്നു. ജേതാക്കളായ സ്റ്റാര്‍സ് ടീമും മലയാളി താരങ്ങള്‍ക്ക് പുറമേ മികച്ച സൗദി കളിക്കാരെയും ടീമിലെടുത്തിരുന്നു. ദമ്മാമില്‍ നിന്നെത്തിയ ഇന്ത്യന്‍ ക്ലബ്ബില്‍ ബഹ്‌റൈന്‍ കളിക്കാരും പങ്കെടുത്തു.
കളിക്കാര്‍ക്കുള്ള വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു. മികച്ച മധ്യനിര പ്രതിരോധം (സിറാജ്), മികച്ച സെറ്റര്‍ (ഇനായത്ത്) എന്നീ ട്രോഫികള്‍ ദമ്മാം ഇന്ത്യന്‍ ക്ലബ് കളിക്കാര്‍ സ്വന്തമാക്കി. മികച്ച കളിക്കാരന്‍, മികച്ച അറ്റാക്കര്‍ (ഷാഹില്‍), മികച്ച റിസീവര്‍ (ജംഷി), മികച്ച സര്‍വീസ് (നായിഫ്) എന്നീ സ്റ്റാര്‍സ് കളിക്കാരും വ്യക്തിഗത ട്രോഫികള്‍ കരസ്ഥമാക്കി. മുസാദ് അല്‍ജന്‍ഫാവി (സൗദി), റോലാന്‍ഡ് റോജോ, ജോയല്‍ ജംബോങ്ങനാ (ഫിലിപ്പൈന്‍സ്), ശ്രീരാജ് (ഇന്ത്യ) എന്നിവരടങ്ങിയ റഫറീ പാനലാണ് കളി നിയന്ത്രിച്ചത്.
ജേതാക്കള്‍ക്ക് മാക്‌സലൈന്‍ ലോജിസ്റ്റിക്‌സ് റിയാദ് മാനേജര്‍ ഉസ്മാന്‍, മാര്‍ക്കറ്റിങ് മാനേജര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ഷാജു വാലപ്പന്‍, ലുക്മാന്‍ എന്നിവരും സന്നിഹിതരായിരുന്നു. രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ക്ലബിന് ട്രോഫിയും ക്യാഷ് പ്രൈസും നവോദയ പ്രസിഡന്റ് വിക്രമലാല്‍, സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ അനില്‍ മണമ്പൂര്‍, ചെയര്‍മാന്‍ റസ്സല്‍ എന്നിവര്‍ചേര്‍ന്ന് കൈമാറി. കളിക്കാര്‍ക്കും റഫറിമാര്‍ക്കും മെഡലും കൈമാറി. റിയാദിലെ വിവിധ സംഘടനാ ഭാരവാഹികളും സ്ഥാപന ഉടമകളും മാധ്യമപ്രവര്‍ത്തകരും വിശിഷ്ടാഥിതികളായിരുന്നു. റിയാദ് ബത്ഹയിലെ തുറന്ന വേദിയിലായിരുന്നു നൂറുകണക്കിന് കാണികളെ സാക്ഷിനിര്‍ത്തി മത്സരങ്ങള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.