റിയാദ്: ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും നടപ്പിലാക്കിയ കേരളത്തിന്റെ മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കിയ മുഖ്യമന്ത്രിയായിരുന്നു ഇ കെ നയനാരെന്ന് റിയാദ് നവോദയ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഏഷ്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക്, കണ്ണൂര്‍ വിമാനത്താവളം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, ജില്ലാ കൗണ്‍സില്‍, കുടുംബശ്രീ, വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍ തുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍, ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പ്, പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി നായനാര്‍ നല്‍കിയ സംഭാവനകള്‍ കേരള ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങള്‍ക്കാകെ പ്രിയങ്കരനായിരുന്നു നയനാര്‍. ഇത് സാക്ഷ്യപ്പെടുത്തുന്നതാണ് തിരുവന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള അദ്ദേഹത്തിന്റെ വിലാപയാത്ര. കൊലകയറില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവിലും ജയിലിലും കഴിഞ്ഞു പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നായനാര്‍ സ്വാന്ത്ര്യ സമരസേനാനിയും മാതൃകാ കമ്മ്യൂണിസ്റ്റുമായിരുന്നു. അനുസ്മരണ യോഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഷൈജു ചെമ്പൂര് അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, ഷാജു പത്തനാപുരം, ശ്രീരാജ്, ബാബുജി, അബ്ദുല്‍ കലാം എന്നിവര്‍ സംസാരിച്ചു. അനില്‍ മണമ്പൂര്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ പൂക്കോയ തങ്ങള്‍ സ്വാഗതവും ജയജിത്ത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.