
റിയാദ്: നവോദയ ഷിഫ യൂണിറ്റ് സമ്മേളനം വി എസ് അച്യുതാനന്ദന്‍ (ഷിഫ) നഗറില്‍ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയ്ക്ക് മുന്നില്‍ അടിയറവെയ്ക്കുന്ന വിദേശനയമാണ് ബിജെപി സര്‍ക്കാര്‍ തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടാന്‍ ബോധപൂര്‍വ്വം കേന്ദ്രം നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് വയനാടിനോട് കാട്ടിയ അവഗണന. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളും സുധീര്‍ വിശദീകരിച്ചു. യോഗത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കമലേഷ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കണമെന്നും കേരള മാതൃകയില്‍ പ്രത്യേക മന്ത്രിയും പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുള്‍പ്പെടെ അടുത്ത കാലത്ത് വിടവാങ്ങിയവര്‍ക്ക് അനുശോചനം അര്‍പ്പിക്കുന്ന പ്രമേയം നിഥിനും രക്തസാക്ഷി പ്രമേയം ബിജുവും അവതരിപ്പിച്ചു. യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അജിത കുമാറും കേന്ദ്ര കമ്മിറ്റ് റിപ്പോര്‍ട്ട് പ്രസിഡണ്ട് വിക്രമലാലും അവതരിപ്പിച്ചു.

ഷൈജു ചെമ്പൂര്, അനില്‍ മണമ്പൂര്‍, അബ്ദുല്‍ കലാം, അനി മുഹമ്മദ്, അയൂബ് കരൂപ്പടന്ന, അനില്‍ പിരപ്പന്‍കോട് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അജിത കുമാര്‍ (സെക്രട്ടറി), അനീഷ് (പ്രസിഡന്റ്), ബിജു (ട്രഷറര്‍). ഫൈസല്‍, ഫിറോസ് (വൈസ് പ്രസിഡന്റുമാര്‍), രാജു മാവേലിക്കര, വിജയന്‍ ഓച്ചിറ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. അജിത കുമാര്‍ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.





