Sauditimesonline

SaudiTimes

എന്‍സിബി-സാംബ ലയനം: കൊവിഡാനന്തര സമ്പദ് ഘടനക്ക് കരുത്തു പകരും

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍

ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനത്തിന് സാക്ഷിയായിരിക്കുകയാണ് സൗദി അറേബ്യ. വന്‍കിട ധനകാര്യ സ്ഥാപനമായ നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കും (എന്‍സിബി) നാലാമത്തെ വലിയ ബാങ്കായ സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും ഒന്നാകുന്നു. ലയനത്തോടെ 220 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പുതിയ ബാങ്ക് ജിസിസിയിലെ മൂന്നാമത്തെ വലിയ ബാങ്കാകും. 15.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് ലയനം സാധ്യമാകുന്നത്.

എന്‍സിബിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് 67.4 ശതമാനവും സാംബയുടെ ഓഹരി ഉടമകള്‍ക്ക് 32.6 ശതമാനവും പുതിയ ബാങ്കിന്റെ ഓഹരി ലഭിക്കും. 37.2 ശതമാനം ഓഹരിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഏറ്റവും വലിയ ഓഹരി ഉടമയായി മാറുകയും ചെയ്യും. സൗദി പബ്ലിക് പെന്‍ഷന്‍ ഏജന്‍സി (7.4 ശതമാനം), ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (5.8 ശതമാനം) എന്നീ സ്ഥാപനങ്ങളും ഓഹരികള്‍ സ്വന്തമാക്കും.

പ്രതിസന്ധി ഘട്ടങ്ങള്‍ ചില മാറ്റങ്ങളെ ത്വരിതപ്പെടുത്തുമെന്നു സാമ്പത്തിക രംഗത്തെ ഇതു സാക്ഷ്യപ്പെടുത്തുന്നു. എണ്ണവില കുറഞ്ഞതും കൊറോണ മഹാമാരിയും നല്‍കിയ ഇരട്ട ആഘാതം ജിസിസി സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ലോക സമ്പദ് വ്യവസ്ഥയെ മുട്ടുകുത്തിച്ച ലോക്ക് ഡൗണുകള്‍ ജിസിസി സൗദി സമ്പദ്‌വ്യവസ്ഥയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തി. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ കൃത്യമായ ഇടപെടലുകള്‍ കൊണ്ടാണ് ബാങ്കിംഗ് മേഖല വെല്ലുവിളികളെ അതിജയിക്കാന്‍ കരുത്തു നേടിയത്.

നിലവില്‍ സൗദി അറേബ്യയില്‍ ജനസംഖ്യാനുപാതികമായി ബാങ്കുകളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് തന്നെ ബാങ്കുകളുടെ ലയനം അനിവാര്യമായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. എന്‍സിബി ഇതിനുമുമ്പ് റിയാദ് ബാങ്കുമായി ലയിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ 2019 ഡിസംബറില്‍ ഉപേക്ഷിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ യുഎഇയില്‍ നടന്നിരുന്ന ലയനങ്ങള്‍ സൗദി അറേബ്യയും പിന്തുടരുകയാണ്. ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സിയുടെ അഭിപ്രായത്തില്‍ 800 ദശലക്ഷം സൗദി റിയാലിന്റെ (213 ദശലക്ഷം ഡോളര്‍) വാര്‍ഷിക ലാഭം ലയനത്തിലൂടെ സാധ്യമാകും എന്നാണ്.

സാംബാ ഓഹരി ഉടമകള്‍ക്ക് ബുധനാഴ്ച ക്ലോസിംഗ് വിലയേക്കാള്‍ എന്‍സിബി 27.5 ശതമാനം പ്രീമിയം വാഗ്ദാനം ചെയ്തതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ലയന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ എന്‍സിബി ഓഹരികള്‍ 1.5 ശതമാനത്തിലധികം ഉയര്‍ന്നു. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ബാങ്കുകളുടെ ലയനം. പ്രമുഖ ബാങ്കുകളുടെ ലയനം സാമ്പത്തിക മേഖലയില്‍ ശക്തിപകരുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ലയനത്തോടെ സൗദി അറേബ്യന്‍ ധനവിപണിയിലെ 25-30 ശതമാനം റീട്ടെയില്‍ കോര്‍പ്പറേറ്റ് ബിസിനസ്സ് പുതിയ ബാങ്കിന്റേതായി മാറും. നിലവില്‍ അഞ്ഞൂറിലധികം ബ്രാഞ്ചുകള്‍ ഇരു ബാങ്കുകള്‍ക്കുമായി രാജ്യത്തുണ്ട്. ലയനത്തിന് ശേഷം സാംബയുടെ നിലവിലെ ചെയര്‍മാന്‍ അമ്മാര്‍ അല്‍ഖുദൈരി പുതിയ ബാങ്കിന്റെ ഗ്രൂപ്പ് ചെയര്‍മാനും എന്‍സിബിയുടെ നിലവിലെ ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ഗാംദി പുതിയ ബാങ്കിന്റെ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഓയുമായി സ്ഥാനം ഏറ്റെടുക്കും.

മികച്ച മൂലധന അടിത്തറയുള്ള ശക്തമായ സംയോജിത ബാങ്ക് ഏത് സമ്പദ്‌വ്യവസ്ഥയ്ക്കും അനിവാര്യമാണ്. ഇത് കൊവിഡാനന്തര സമ്പദ്‌വ്യവസ്ഥയുടെ വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top