റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി. സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെയാണ് വിമാനത്താവളം സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
റിയാദ് നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നാണ് പുതിയ വിമാനത്താവളം സ്ഥാപിക്കുക. പുതിയ റണ്‍വേകള്‍, ടെര്‍മിനലുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ അത്യാധുനിക രീതിയില്‍ നിര്‍മിക്കും. മൂന്നു വര്‍ഷത്തിനകം ഇവിടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു.
വിഷന്‍ 2030ന് അനുസൃതമായി ഗതാത, ലോജിസ്റ്റിക് സര്‍വീസ് മേഖലയില്‍ ദേശീയ നയം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിമാനത്താവളം രൂപകല്പ്പന ചെയ്തിട്ടുളളത്. പദ്ധതി ലക്ഷ്യം കാണുന്നതിന് പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപം നടത്തും. വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.