റിയാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് സൗദി അറേബ്യ. റിയാദ് കരാറിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചത്. സര്‍ക്കാര്‍ രൂപീകരിച്ച യമന്‍ ജനതയെ അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
യമനില്‍ രാഷ്ട്രീയ സ്ഥിരതയും സമാധാനവും ഉണ്ടാകാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയും. യമന്‍ ജനതയുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ പുതിയ മന്ത്രി സഭക്ക് സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സൗദി അറേബ്യക്കു പുറമെ യുഎഇയും യമനും സംയുക്തമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് റിയാദ് കരാര്‍ സാധ്യമായത്. യമനിലെ ഹൂതികള്‍ ഒഴികെയുളള രാഷ്ട്രീയ കക്ഷികളുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രതിനിധികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാണ്.
രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് യമന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ക്ക് സഖ്യസേന പിന്തുണ നല്‍കും. യമനില്‍ സ്ഥിരതയുളള സര്‍ക്കാര്‍ നിലനില്‍ക്കുന്നതിന് പിന്തുണ നല്‍കുമെന്ന് സൗദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാനും വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.