
റിയാദ്: സൗദി അറേബ്യയില്‍ ശീത കാലാവസ്ഥ ശക്തമാകുമെന്ന് കാലാവസ്ഥ, പരിസ്ഥിതി ജനറല്‍ അതോറിറ്റി അറിയിച്ചു. മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വെളളി പുലര്‍ച്ചെ വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകും. ഇടി മിന്നലിനും ശീത കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ സാമാന്യം ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി.

റിയാദ്, മക്ക, മദീന, അല്‍ ബഹ, അസിര്‍, ജസാന്‍, ഹായില്‍, ഖസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് കാലാവസ്ഥയില്‍ കൂടുതല്‍ മാറ്റം ദൃശ്യമാവുക. ശക്തമായ ശീത കാറ്റ് അനുഭവപ്പെടാന്‍ സാധ്യതയുളളതിനാല്‍ പൊതുയിടങ്ങളില്‍ ജോലി ചെയ്യുന്നവരും തണുപ്പ് അലര്‍ജിയുളളവരും ജാഗ്രത പാലിക്കണം. ചിലയിടങ്ങളില്‍ കനത്തമഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇതു വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും മലഞ്ചരുവുകളില്‍ വെളളപ്പാച്ചിലിനും ഇടയാക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
