അബഹ: സൗദി അറേബ്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രകാശനം ചെയ്തു. വിനോദസഞ്ചാര വികസനത്തിെന്റ നാഴികക്കലായി പുതിയ വിമാനത്താവളം മാറും. അസീര്‍ പ്രവിശ്യയുടെ തലസ്ഥാനമായ അബഹയില്‍ അറബ് പൈതൃകം വിളിച്ചോതുന്ന വാസ്തു ശില്പവിദ്യ പ്രകടമാക്കുന്ന രൂപകല്പനയാണ് വിമാനത്താവളത്തിനു സ്വീകരിച്ചിട്ടുളളത്.
നിലവില്‍ 10,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അബഹ വിമാനത്താവളം. പുതിയ വിമാനത്താവളത്തിലെ ടെര്‍മിനലിെന്റ വിസ്തീര്‍ണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാര്‍ക്കായി പ്രത്യേക പാലങ്ങള്‍, യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു പുതിയ പ്ലാറ്റ്‌ഫോമുകള്‍, സെല്‍ഫ് സര്‍വിസ് സംവിധാനങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തും.
2028-ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഞ്ചാരികള്‍ക്ക് നേരിട്ട് അബഹയിലെത്താന്‍ കഴിയും. വര്‍ഷം 1.3 കോടിയിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുളള വിമാനത്താവളമാണ് ലക്ഷ്യം. നിലവിലെ വിമാനത്താവളത്തിന് 15 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണുളളത്. നിലവില്‍ 30,000 വിമാനസര്‍വിസുകളാണ് ഒരു വര്‍ഷം സര്‍വീസ് നടത്താന്‍ ശേഷിയുളളത്. നിര്‍ദിഷ്ട വിമാനത്താവളത്തിന് 90,000ലധികം വിമാന സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
