റിയാദ്: എന്‍എല്‍പി (ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്) പരിശീലനം നേടിയവര്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ റിയാദില്‍ ഒത്തു ചേര്‍ന്നു. ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയവരും കുടുംബാംഗങ്ങളുമാണ് എന്‍എല്‍പി കുടുംബ സംഗമത്തില്‍ പങ്കെടുത്തത്.
വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവ തിരിച്ചറിയാനും മാറ്റാനും സഹായിക്കുന്ന വിവിധ തെറാപ്പികള്‍, മികച്ച ആശയ വിനിമയ ശേഷി കൈവരിക്കാനുളള ടെക്‌നിക്കുകള്‍, സമഗ്ര വ്യക്തിത്വ വികസനം എന്നിവ നേടാന്‍ എന്‍എല്‍പി പരിശീലനം സഹായിക്കും. ഇത്തരത്തില്‍ വികാരങ്ങളെ വിജയ ശില്പിയാക്കി സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന് പ്രചോദനം നല്‍കുന്ന എല്‍എല്‍പിയുടെ ഫലങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനാണ് കുടുംബ സംഗമം ഒരുക്കിയത്.
നിഷേധാത്മക ചിന്തകളെ ചെറുക്കാന്‍ പിരിമുറുക്കം എന്ന വികാരത്തെ ഉപയോഗിച്ച് ഗുണപരമായ ഫലം സൃഷ്ടിക്കാന്‍ കഴിയും. ഇത് വിശദീകരിക്കുന്ന ‘ലോ ഓഫ് എന്‍ടോപി’ എന്ന വിഷയം ഡോ. പോള്‍ തോമസ് അവതരിപ്പിച്ചു.
മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ. സൂരജ് പാണയില്‍ മുഖ്യാ പ്രഭാഷണം നടത്തി. സാമൂഹിക പ്രതിബദ്ധതയോടെ നിസ്വാര്‍ത്ഥവും മാതൃകാപരവുമായി എന്‍ എല്‍ പി സേവനങ്ങള്‍ പ്രയോഗവത്കരിക്കാന്‍ കഴിയുമെന്ന അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. വളര്‍ന്നു വരുന്ന തലമുറയുടെ മാനസിക ആരോഗ്യം, വ്യക്തിത്വ വികസനം, മാതാപിതാക്കളുടെ മക്കളോടുള്ള പെരുമാറ്റം, നിത്യ ജീവിത ക്രമീകരണങ്ങള്‍ എന്നിവയെല്ലാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എല്‍പി, അലോപ്പതി മെഡിക്കല്‍ ഫീല്‍ഡിലും ഇതര ചികിത്സകളിലും മാനസിക ആരോഗ്യത്തിന്റെ സുസ്ഥിരതയ്ക്ക് ചെലുത്തുന്ന സ്വാധീനം സുപ്രാധാനമാണെന്ന് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ റോയല്‍ പ്രോട്ടോകോള്‍ ഫിസിഷ്യന്‍ ഡോ.അന്‍വര്‍ ഖുര്‍ഷിദ് പറഞ്ഞു.
ശിഹാബ് കൊട്ടുകാട്, അബ്ദുല്‍ ലത്തീഫ്, അലവിക്കുട്ടി ഒളവട്ടൂര്‍, ഷിജിത്, ഫര്‍ഹാന്‍ അഹമ്മദ്, സയ്യിദ അന്‍സാരി, മുഹിയുദ്ദീന്‍, നിഖില സമീര്‍, വര്‍ഗ്ഗീസ് വിന്റര്‍ ടൈം കമ്പനിഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എന്‍എല്‍പി വെരിഫൈഡ് മാസ്റ്റര്‍ പ്രാക്റ്റീഷനര്‍ നിഖില സമീറിനുള്ള നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ സര്‍ട്ടിഫികറ്റും ഐഡി കാര്‍ഡും ഡോ. പോള്‍ തോമസ് സമ്മാനിച്ചു. കൊവിഡ് കാലത്തും ശേഷവും നാട്ടിലും പ്രവാസി സമൂഹത്തിലും നല്‍കി വരുന്ന അനുഭവങ്ങള്‍ എന്‍എല്‍പി കുടുംബാംഗങ്ങള്‍ പങ്കുവെച്ചു. യാസിര്‍, അബൂബക്കര്‍ സിദിഖ്, സുമിത, ഹാജറ, ഷാഫി, നമിത, മധുസൂദനന്‍, ഷംനാദ്, സൈനുല്‍ ആബിദ് എന്നിവര്‍ നേതൃത്വം നല്‍കി. എന്‍എല്‍പി സൗദി മാനേജര്‍ സ്റ്റാന്‍ലി ജോസ് സ്വാഗതവും ഷുക്കൂര്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.