ജിസിസി രാജ്യങ്ങളില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: സൗദി അറേബ്യ ഉള്‍പ്പെടെ പ്രവാസി മലയാളികള്‍ കൂടുതലുളള രാജ്യങ്ങളില്‍ നോര്‍ക്ക റൂട്‌സ് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതിനാണ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നത്. സൗദിയിലെ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ ഒരാളെ വീതം നിയമിക്കും.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവയെ തുടര്‍ന്ന് തടവില്‍ കഴിയുന്നവര്‍, തന്റെതല്ലാത്ത കാരണത്താല്‍ നിയമ നടപടി നേരിടുന്നവര്‍ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നിയമ സഹായ പദ്ധതിയുടെ ഭാഗമായാണ് നിയമനം.

സൗദിക്കു പുറമെ യു.എ.ഇ ( അബുദാബി, ഷാര്‍ജ, ദുബായ്), ബഹ്‌റൈന്‍ (മനാമ), ഒമാന്‍(മസ്‌ക്കത്ത്), കുവൈത്ത് (കുവൈത്ത് സിറ്റി), ഖത്തര്‍ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂര്‍) എന്നിവിടങ്ങളിലേക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ നിയമിക്കുന്നത്. താല്‍പര്യമുള്ള മലയാളി അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

കേസുകളിന്‍ നിയമോപദേശം, നഷ്ടപരിഹാരം, ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണം സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവയാണ് നിയമ സഹായ പദ്ധതി ലക്ഷ്യം വെക്കുന്നത്.

അപേക്ഷിക്കുന്ന വ്യക്തി മലയാളിയായിരിക്കണം. മലയാള ഭാഷ എഴുതുവാനും സംസാരിക്കുവാനും കഴിവുണ്ടാവണം. ഓരോ വിദേശരാജ്യത്തെ പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയണം. അഭിഭാഷകനായി കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷവും വിദേശത്ത് 7 വര്‍ഷവും പ്രവൃത്തി പരിചയം വേണം. ജി.സി.സി രാജ്യങ്ങളിലെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് പ്രവൃത്തി പരിചയം ഉള്ളവരും നിലവില്‍ അതാത് രാജ്യങ്ങളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നവരുമായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിദേശ രാജ്യത്ത് അഭിഭാഷകരോടൊപ്പമോ നിയമസ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ടുവര്‍ഷം തൊഴില്‍ പരിചയം ആവശ്യമാണ്.

വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും വിദേശമലയാളികള്‍ സാധാരണ നേരിടുന്ന നിയമപ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും സംബന്ധിച്ച് 200 വാക്കില്‍ കുറയാത്ത കുറിപ്പ് മലയാളത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഹോണറേറിയം ഇന്ത്യന്‍ രൂപയായില്‍ നല്‍കും. നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഇന്ത്യയില്‍ ദേശസാത്കൃതബാങ്കില്‍ അക്കൗണ്ട് ആവശ്യമാണ്. നിയമന കാലാവധി 2 വര്‍ഷമായിരിക്കും. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തനം കാഴ്ചവെക്കാ ത്തവരുടെ നിയമനം റദ്ദാക്കും.

2023 ഓഗസ്റ്റ് 15ന് മുമ്പ് esection.norka@kerala.gov.in. എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് നോര്‍ക്ക അറിയിച്ചു.

 

Leave a Reply