റിയാദ്: കൊവിഡ് മൂലം മരിച്ച പ്രവാസികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഉപജീവനത്തിന് ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോയവരാണ് പ്രവാസികള്‍. അവരുടെ അധ്വാന ഫലമാണ് സംസ്ഥാന സാമ്പത്തിക മേഖലെയെ നിലനിര്‍ത്തുന്നത്. ഇത് സൗകര്യപൂര്‍വം മറക്കുന്ന പ്രവണതയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. കൊവിഡ് ഭീഷണിയിലാണ് പ്രവാസികള്‍ കഴിയുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു. വിമാന ടിക്കറ്റിനു പോലും മറ്റുള്ളവരുടെ സഹായം തേടുകയാണ്. ദുരിതപൂര്‍ണമായ അവസ്ഥയിലാണ് പ്രവാസികള്‍. പ്രയാസത്തിനിടക്കും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഭരണത്തിലിരിക്കുന്നവര്‍ക്കുണ്ടാവുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഗള്‍ഫ് മേഖലകളിലാണ് കൂടുതല്‍ ചെറുപ്പക്കാരായ പ്രവാസികള്‍ മരിച്ചു വീഴുന്നത്. അവരുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല എന്നത് പ്രവാസികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ജോലിയെടുക്കുന്ന ഭൂരിപക്ഷം ഗള്‍ഫ് രാജ്യങ്ങളും സ്വന്തം പൗരന്മാര്‍ക്ക് നല്‍കുന്ന അതെ ചിതികിത്സ തന്നെയാണ് പ്രവാസികള്‍ക്കും നല്‍കുന്നത് ആശ്വാസമാണ്. എന്നാല്‍ സ്വന്തം രാജ്യം പ്രവാസി ഇന്ത്യക്കാരെ ഇത്രമാത്രം അവഗണിച്ച സാഹചര്യം മുമ്പുണ്ടായിട്ടില്ല. പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ പൊള്ളയാണ്. ഓരോ ദിവസവും ഇത് വ്യക്തമാകുന്നുണ്ട്. മുഖ്യമന്ത്രി പ്രവാസികള്‍ക്ക് നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍ നടപ്പാക്കാന്‍ സര്‍ക്കാറിനായിട്ടില്ല. പ്രവാസ ലോകത്തു മരിച്ചു വീഴുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
