
റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിലനില്‍പ്പിനായുള്ള ബജറ്റ് പ്രഖ്യാപനമായി മാറിയെന്ന് ഒഐസിസി റിയാദ്. എന്‍ഡിഎ സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന നേതാക്കളുടെ സംസ്ഥാനത്ത് മാത്രം പദ്ധതികള്‍ ചുരുക്കിയത് അതിന്റെ തെളിവാണ്. ഇന്ത്യാ മുന്നണി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ പാടെ തഴഞ്ഞത് ഇത് വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി പതിവ് പോലെ യാതൊരുവിധ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരില്ല. എയിംസ് സംബന്ധിച്ച് തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിനോട് ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നതായും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.






