കലാലയത്തിലും ‘പിണറായിസം’ നടപ്പിലാക്കുന്നു

റിയാദ്: വയനാട് പൂക്കോട് വെറ്റിനറി കോളെജിലെ വിദ്യാര്‍ത്ഥിയും തിരുവന്തപുരം സ്വദേശിയുമായ സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി മര്‍ദ്ധിച്ചു കൊന്ന എസ്എഫ്‌ഐയുടെ നടപടിയില്‍ റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റി അപലപിച്ചു.

ഗുണ്ടകളെ വളര്‍ത്തുന്ന വിദ്യാര്‍ത്ഥിസംഘടനക്കും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന പിണറായി സര്‍ക്കാരിനുമെതിരെ കലാലയ മുറ്റത്തു നടത്തിയ നീതീകരിക്കാനാകാത്ത ആള്‍കൂട്ട വിചാരണയും തുടര്‍ന്നുള്ള മര്‍ദ്ദനവും അതി ദാരുണമായ മരണവും സംഭവിച്ച സിദ്ധാര്‍ഥ് മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു എന്നതതുതന്നെ ഞെട്ടിക്കുന്ന വിവരമാണ്.

ടി പി ചന്ദ്രശേഖരന്‍ വധം പോലെ എതിരാളികളെ മാത്രമല്ല സ്വന്തം പാളയത്തിലെ എതിര്‍ശബ്ദങ്ങളെപോലും ഉന്മൂലനം ചെയ്യുക എന്ന ‘പിണറായിസം’ വിദ്യാര്‍ഥികളിലൂടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപെടുത്തുന്നു.

വിദ്യാര്‍ത്ഥി സമൂഹത്തെ ജീവഹാനി ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇടതു വിദ്യാര്‍ത്ഥി സംഘടന മിക്ക ക്യാമ്പസുകളും, ക്യാമ്പസ് യൂണിയനുകളും അടക്കി ഭരിക്കുന്നത്. അതിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി കെ എസ് യു എന്ന ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനവും ,യൂത്ത് കോണ്‍ഗ്രസ്സും വലിയ മുന്നേറ്റം നടത്തുന്നത് പ്രശംസനീയമാണെന്നും അതിലൂടെ ക്യാമ്പസുകളിലും പൊതുജനമധ്യത്തിലും സുരക്ഷിതബോധം ഉളവാക്കാന്‍ കഴിഞ്ഞു എന്നും ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട സിദ്ധാര്‍ഥിനും കുടുംബത്തിനും നീതി കിട്ടുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഒഐസിസി തിരുവനതപുരം ജില്ലാ കമ്മറ്റി റിയാദ് നല്‍കുമെന്നും പ്രതിഷേധകുറിപ്പില്‍ ജില്ലാ കമ്മറ്റി അറിയിച്ചു.

Leave a Reply