റിയാദ്: കെ.എം.സി.സി പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ അംബാസഡര്‍മാരാണെന്നും സൗദിയിലെ പ്രവര്‍ത്തനം മാതൃകാ പരമാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സൗദി കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതിയില്‍ രണ്ട് കോടി രൂപയുടെ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സൗദിയിലെ ലൈല അഫ്‌ലാജില്‍ മരിച്ച കാസര്‍കോഡ് നാരായണന്റെ കുടുംബ സഹായം ഭാര്യ യശോദക്കും അല്‍ജൗഫില്‍ മരിച്ച തൃശൂര്‍ റെനിയുടെ പിതാവ് റപ്പായിക്കും ചെക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ കാരുണ്യപദ്ധതിയാണ് സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സുരക്ഷാ പദ്ധതി. ജാതി മത ഭേദമന്യേ എല്ലാവരെയും ഒരുപോലെ കണ്ട് കാരുണ്യം ചൊരിയുന്ന പദ്ധതി അഭിമാനകരമാണ്. കെ.എം.സി.സി മുസ്ലിംലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പ്രവാസലോകത്തും നാട്ടിലും കെഎംസിസി ചെയ്യുന്ന സേവനങ്ങളും സഹായങ്ങളും സര്‍ക്കാരുകള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്തതാണെന്നും കെഎം.സി.സിയുടെ ഓരോ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു.
നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും അംഗങ്ങളായിരിക്കെ മരിച്ച മുപ്പത് പേരുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണവും പദ്ധതിയില്‍ അംഗങ്ങളായ നൂറ്റി എഴുപത് പേര്‍ക്കുള്ള ചികിത്സാ സഹായങ്ങളുമാണ് വിതരണം ചെയ്തത്. വിവിധ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അതത് സെന്‍ട്രല്‍ കമ്മിറ്റികള്‍ ഏറ്റുവാി. സൗദിയിലെ മുക്കാല്‍ ലക്ഷത്തിലധികം പ്രവാസികള്‍ സുരക്ഷാ പദ്ധതയിയില്‍ അംഗങ്ങളാണ്. മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിന്നു ആനുകൂല്യമായി വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, കെ.പി. മുഹമ്മദ്കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഹനീഫ മൂന്നിയൂര്‍, എം.എ ഖാദര്‍, സി എച്ച് മഹമൂദ് ഹാജി, ടി.പി.എം.ബഷീര്‍ കെ.എം.സി.സി നേതാക്കളായ ഖാദര്‍ ചെങ്കള അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, എ.പി.ഇബ്രാഹീം മുഹമ്മദ്, അരിമ്പ്ര അബൂബക്കര്‍, അലി അക്ബര്‍ വേങ്ങര, മുജീബ് പൂക്കോട്ടൂര്‍, സി.പി ഷരീഫ്, മജിദ് പുകയൂര്‍, മൂസ മോങ്ങം, ഹാരിസ് പെരുവള്ളൂര്‍, വിവിധ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, മുന്‍കാല നേതാക്കള്‍ പ്രസംഗിച്ചു. റഫീഖ് പാറക്കല്‍ പദ്ധതി വിശദീകരിച്ചു. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും ബഷീര്‍ മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
