റിയാദ്: കാലാവധി കഴിഞ്ഞ ഇഖാമ ഉടമകളുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ഇഖാമ ഇല്ലാതെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഔട്‌സോഴ്‌സിംഗ് ഏജന്‍സി നിരസിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടല്‍.
ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുളള താല്‍ക്കാലിക പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. അപേക്ഷയോടൊപ്പം ഇഖാമ പുതുക്കി നല്‍കുമെന്ന് തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണമെന്നും എംബസി അറിയിച്ചു.
പ്രവാസികളുടെ ആവശ്യം പരിഗണിച്ച് ബിനോയ് വിശ്വം എംപി ഇതുസംബന്ധിച്ച് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ദമ്മാം നവയുഗം സാംസ്‌കാരിക വേദി അംബാസഡര്‍ക്ക് പരാതിയും സമര്‍പ്പിച്ചിരുന്നു. നവയുഗത്തിന് റിയാദ് ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വിഭാഗം സെക്കന്റ് സെക്രട്ടറി പ്രേം സെല്‍വല്‍ അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷ സ്വീകരിക്കാന്‍ ഔട്‌സോഴ്‌സിംഗ് ഏജന്‍സിയായ വിഎഫ്എസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചത്. അഞ്ച് വര്‍ഷം കാലാവധിയുളളള താല്‍ക്കാലിക പാസ്‌പോര്‍ട്ടാണ് വിതരണം ചെയ്യുന്നതെങ്കിലും ഇഖാമ പുതുക്കി ലഭിച്ചാല്‍ പാസ്‌പോര്‍ട്ട് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും എംബസി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.