
റിയാദ്: പൊതുപ്രവര്‍ത്തകരെ കാപ്പ ചുമത്തിയും കളളക്കേസില്‍ തടവിലാക്കിയും വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന പിണറായി സര്‍ക്കാരിന്റെ ഇരകളില്‍ ഒരാളാണ് താനെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല സെക്രട്ടറി ബുഷര്‍ ജംഹര്‍. ഒന്‍പത് കേസുകള്‍ ചുമത്തി ആറു മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായതോടെ തിരുവനന്തപുരം ലോകോളേജിലെ പഠനം മുടങ്ങി. പരീക്ഷ എഴുതാന്‍ കഴിയാതെ പഠനം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നതായും വികാരഭരിതനായി അദ്ദേഹം പറഞ്ഞു.

ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ അദ്ദേഹത്തിന് ഒഐസിസി കോഴിക്കോട് ജില്ല റിയാദ് നിര്‍വ്വാഹക സമിതി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ഒമര്‍ ഷരീഫ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു.

പലതവണ കാപ്പ അഡ്‌വൈസറി ബോര്‍ഡിനു മുമ്പില്‍ വിഷയം അവതരിപ്പിച്ചെങ്കിലും അവഗണിച്ചു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയില്‍ നിന്ന് കാപ്പ അടക്കമുള്ള കേസുകള്‍ ഒഴിവാക്കി. കേസുകള്‍ പിണറായി പോലീസ് കെട്ടിചമച്ചതാണന്ന് കോടതിക്ക് ബോധ്യമായി. ഉണ്ടായിരുന്ന കര്‍ശന ഉപാധികള്‍ പിന്‍വലിച്ചാണ് ജെയില്‍ മോചിതനായതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബവും പാര്‍ട്ടിയും കേസുകളില്‍ ഇടപെടുകയും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ കേസ് ഏറ്റെടുക്കുകയും ചെയ്തു. നിയമസഭയിലടക്കം വിഷയം അവതരിപ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഇപ്പോഴും പിണറായി സര്‍ക്കാര്‍ ചുമത്തിയ കള്ള കേസുകളില്‍ തടവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാഷണല്‍ കമ്മറ്റി അംഗം ഷഫീഖ് കിനാലൂര്‍, സെന്‍ട്രല്‍ കമ്മറ്റി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ സഫാദ് അത്തോളി, വൈശാഖ്,നയീം കുറ്റിയാടി, അനീഷ് അബ്ദുള്ള, എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുഹമ്മദ് ജംഷീര്‍ സ്വാഗതവും അസ്‌ക്കര്‍ മുല്ലവീട്ടില്‍ നന്ദിയും പറഞ്ഞു. അസീസ്, നിഷാദ് കുഞ്ഞിപ്പ,നയീം കുറ്റിക്കാട്ടൂര്‍, സവാദ് കല്ലായി,റഷീദ് കൂടത്തായി എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.