Sauditimesonline

watches

അതെ, അവള്‍ ബലൂണ്‍ വില്‍ക്കയാണ്

കവിത | ഷിംന ലത്തീഫ്

തലയുടെ ഇടതുവശത്ത്
ഉയര്‍ത്തിപ്പിടിച്ച
ബലൂണ്‍ പറ്റങ്ങളുമായി
ഒരു പെണ്‍കുട്ടി.
ഒറ്റ നോട്ടത്തില്‍
ഭാവനയെ ഋജു രേഖയില്‍
നയിക്കുന്ന
ഒരു ചിത്രകാരി
സ്വപ്നങ്ങളേ
പലവര്‍ണ്ണങ്ങളില്‍
കുടഞ്ഞിട്ടതാണെന്നേ തോന്നൂ.

ജിജ്ഞാസയെ
ഒരദൃശ്യവസ്തുവാക്കി
കണ്ണിലൊളിപ്പിച്ച്
അവള്‍
പാര്‍ക്കിലേക്ക് കടന്നുവരുന്നു.

അപ്പഴേക്കും
അവിടം
പല രാജ്യങ്ങളായി
പിരിഞ്ഞു പോയിരുന്നു.
മുള്‍വേലിയോ, പട്ടാളമോ
ഇല്ലാതെ
നോട്ടങ്ങള്‍ കൊണ്ട്
അതിര്‍ത്തികള്‍ രൂപം
കൊണ്ടു.

കുഞ്ഞുങ്ങള്‍
കടും നിറത്തിലുള്ള
തണുപ്പ് ശ്വസിച്ച്,
വരഞ്ഞുവച്ച ചിറകുകളിലേക്ക്
ആവേശത്തോടെ
കയറാന്‍ ശ്രമിക്കുന്നു.
അവള്‍
കണ്ണിലൊളിപ്പിച്ച
കുസൃതിനോട്ടം
അവരിലേക്ക് പായിക്കുന്നു.

ഒന്നും മിണ്ടുന്നില്ലെങ്കിലും
അവളുടെ ശബ്ദം
പ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു.
നീളന്‍ കുപ്പായത്തിലെ
ചെമന്ന പൂമൊട്ടുകള്‍
ഉതിര്‍ന്നു വീണ്
കുട്ടികളുടെ ഭാഷ വിരിയുന്നു.
അതിര്‍ത്തി നോട്ടങ്ങള്‍
മാഞ്ഞു പോകുന്നു.

അവള്‍
വര്‍ണ്ണ ശബളമായ
ആ …
ഒറ്റച്ചിറകില്‍ പറക്കുകയും
മറുചിറക്
തുന്നിക്കൊണ്ടിരിക്കയും ചെയ്യുന്നു.

തണല്‍ വൃക്ഷങ്ങള്‍
സസൂക്ഷ്മം
അവളിലേക്ക് പ്രവേശിക്കുന്ന
ദൈന്യതയെ
പറിച്ചു മാറ്റുന്നു.

രാജ്യാതിര്‍ത്തികള്‍
അവള്‍ക്ക്
ബാധകമേയല്ല
നോക്കിനില്‍ക്കെ
അവളുടെ ശ്വാസം നിറച്ച
വര്‍ണ്ണബലൂണുകള്‍
ഓരോ രാജ്യത്തിന്റെയും
പതാകകളായി
ഉയര്‍ന്നു പറക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top