
റിയാദ്: പ്രവാസം സമ്മാനിച്ച ദുരിതിത്തിന് വിട നല്‍കി മലയാളി യുവാവ് നാടണഞ്ഞു. മലപ്പുറം പൊന്നാനി സ്വദേശി മന്‍സൂറാണ് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം നാടണഞ്ഞത്. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി തൊഴിലുടമകളുടെ തര്‍ക്കത്തെ തുടര്‍ന്ന് പെരുവഴിയിലായ മന്‍സൂറിന് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകമാണ് തുണയായത്. കൂട്ടായ്മയുടെ ജീവകാരുണ്യ വിഭാഗമായ ‘ജനസേവനം’ കണ്‍വീനര്‍ അബ്ദുല്‍ റസാഖ് പുറങ്ങിന്റെയും എംബസി ഉദ്യോഗസ്ഥന്‍ ഷഫീക് പൊന്നാനിയുടെയും നേതൃത്വത്തില്‍ നടത്തിയ ഇടപടലാണ് യാത്രാ രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയത്.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി മന്‍സൂര്‍ നാട്ടിലെത്തിയത്. അവധി കഴിഞ്ഞു പ്രതീക്ഷകളോടെ തിരിച്ച് റിയാദിലെത്തിയെങ്കിലും കാത്തിരുന്നത് പ്രതിസന്ധികളായിരുന്നു. തൊഴിലുടമയും സ്വദേശിയായ പാര്‍ട്ടണറും തര്‍ക്കം തുടങ്ങിയതോടെ ശമ്പളം മുടങ്ങി തുടങ്ങി. തര്‍ക്കം രൂക്ഷമായതോടെ മന്‍സൂറിനെ പുതിയ തൊഴിലിടത്തിലേക്കെന്ന് പറഞ്ഞ് ത്വായിഫിലെ ഒറ്റപ്പെട്ട കൃഷിയിടത്തിലേക്കു മാറ്റി. ഭക്ഷണവും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിന്റെ നാളുകളായിരുന്നു അത്. ഒരു സ്വദേശിയുടെ സഹായത്തോടെ അവിടെ നിന്നു രക്ഷപ്പെട്ടു.

തിരിച്ചു വരുന്ന വഴി തൊഴിലുടമ നല്‍കിയ വ്യാജ കേസില്‍ പോലീസ് പിടിയിലായി. നിരപരാധിത്വം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗ്സ്ഥന്‍ മന്‍സൂറിനെ വെറുതെ വിട്ടു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മന്‍സൂറിന്റെ ഭാര്യയാണ് പൊന്നാനി കൂട്ടായ്മ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സിനെ നാട്ടിലെത്തിക്കാന്‍ സഹായം തേടിയത്. റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍, ജനസേവന വിഭാഗം കണ്‍വീനര്‍ അബ്ദുറസാഖ് പുറങ്ങ്, വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര, സെക്രട്ടറി ഫാജിസ് പി.വി, ആര്‍ട്‌സ് കണ്‍വീനര്‍ അന്‍വര്‍ ഷാ എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തി യാത്രാ രേഖകള്‍ കൈമാറി. എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തിയ മന്‍സൂറിനെ ഭാര്യയും മക്കളും ചേര്‍ന്ന്സ്വീകരിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.