
റിയാദ്: ലഹരിക്കെതിരെ പ്രചാരണ ബോധവല്‍ക്കരണ പരിപാടികളുമായി പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സൗദി സ്ഥാപകദിനത്തില്‍ റിയാദില്‍ നിന്നാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. റിയാദിലെ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സെമിനാറില്‍ ‘ലഹരി വ്യാപനം തടയുന്നതില്‍ പ്രവാസി കുടുംബങ്ങള്‍ക്കുള്ള പങ്ക് ‘ എന്ന വിഷയം ചര്‍ച്ച ചെയ്തു. സെമിനാറില്‍ സംഘടനയുടെ അംഗങ്ങളും കുടുംബങ്ങളും ക്ഷണിക്കപെട്ട അതിഥികളും പങ്കെടുത്തു. പ്രസിഡന്റ് സലിം വാലിലപ്പുഴ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് ആമുഖ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ പാലക്കാടന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു.

സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനും അന്താരാഷ്ട്ര ലഹരി വിരുദ്ധ പരിപാടി ‘റിസ’ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതില്‍ പ്രവാസി കുടുംബങ്ങള്‍ക്കും സംഘടനകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും ദൂരത്തിലായിരിക്കുകയോ, വ്യത്യസ്തമായ സാംസ്‌കാരിക സാഹചര്യത്തിലേക്ക് കടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, അവരുമായി നിരന്തര ആശയവിനിമയം നടത്തുക. അവരുടെ സുഹൃത്തുക്കളെ അറിയുക, കൂട്ടാളികളുടെ സമ്മര്‍ദ്ദം, സോഷ്യല്‍ മീഡിയയുടെ സ്വാധീനം തുടങ്ങിയവ നിരന്തരം നിരീക്ഷിക്കുക, ലഹരിവസ്തുക്കളുടെ അപകടങ്ങളെക്കുറിച്ച് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, സാമ്പത്തിക ഉത്തരവാദിത്വം പഠിപ്പിക്കുകയും അധികപണം അയക്കുന്നത് ഒഴിവാക്കുകയും ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കുട്ടികള്‍ ബന്ധുവിന്റെ അല്ലെങ്കില്‍ മറ്റൊരു കുടുംബത്തിന്റെ അഥിതിയായോ താമസിക്കേണ്ട അവസ്ഥയില്‍ ആണെങ്കില്‍ വളരെ സൂക്ഷ്മതയോടെ ആതിഥേയരെ തെരഞ്ഞെടുക്കുക ഇവയൊക്കെ കുട്ടികളെ ലഹരിയുടെ കെണിയില്‍ പെടാതെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലഹരിയേക്കാള്‍ വലിയ വിപത്താണ് നാട്ടിലെ കോളേജ് ക്യാംപസുകളില്‍ അടക്കമുള്ള മേഖലകളില്‍ കണ്ടു വരുന്ന വര്‍ഗീയത എന്ന് തുടര്‍ന്ന് പ്രഭാഷണം നടത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ എല്‍ അജിത് അഭിപ്രായപ്പെട്ടു. മൃഗീയമായ റാഗിങ്ങ് ഉള്‍പ്പടെ ലഹരിക്കടിമപ്പെട്ടു യുവത്വം ചെയ്തു പോകുന്നു. സ്‌നേഹ ലഹരിയിലൂടെ മാതാപിതാക്കള്‍ കുട്ടികളെ തങ്ങളുടെ കൂടെ ചേര്‍ത്ത് നിര്‍ത്തണം. പ്രവാസി കുടുംബങ്ങള്‍ അടക്കം കുട്ടികളെ സ്‌നേഹം നല്‍കി മാതാപിതാക്കളുടെ സാനിധ്യം അവരുടെ മനസുകളില്‍ എന്നും പതിപ്പിച്ചു ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ പ്രവാസികള്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ’ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക് സംസാരിച്ചു. ദീര്‍ഘമായ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കിയാണോ പോകുന്നതെന്ന് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളം സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നോര്‍ക്ക റൂട്‌സ് വഴിയുള്ള പ്രവാസി ക്ഷേമ നിധിയടക്കം നിരവധി വിഷയങ്ങള്‍ അദ്ദേഹം സംസാരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ളവയുടെ ഒട്ടനവധി പദ്ധതികള്‍ പ്രവാസി സമൂഹം പ്രയോജനപ്പെടുത്തണം. ബോധവല്‍ക്കരണത്തിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളായി കൂടുതല്‍ പ്രവാസികളെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ അംഗമാക്കണമെന്നു അദ്ദേഹം സൂചിപ്പിച്ചു.
ഫോര്‍ക്ക് വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്കല്‍, സാമൂഹിക പ്രവര്‍ത്തകന്‍ സജിവ്, സുരേഷ് ശങ്കര്‍, നാസര്‍ പൂവ്വാര്‍, കെ ജെ റഷീദ്, സഫീറലി തലാപ്പില്‍, തൊമ്മിക്കുഞ് സ്രാമ്പിക്കല്‍, പ്രെഡിന്‍ അലക്‌സ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

ഭാരവാഹികളായ ബിനു കെ തോമസ്, ബഷീര്‍ സാപ്റ്റ്‌കോ, യാസിര്‍ അലി, ജലീല്‍ ആലപ്പുഴ, ശ്യാം വിളക്കുപാറ, റഷീദ് കായംകുളം, ജിബിന്‍ സമദ് കൊച്ചി, ശരീഖ് തൈക്കണ്ടി, നൗഷാദ് യാഖൂബ്, രാധന്‍ പാലാത്ത്, ഷമീര്‍ കല്ലിങ്കല്‍, ബിജിത് കേശവന്‍, മുജീബ് കായംകുളം, സുരേന്ദ്രബാബു, വേണുഗോപാല്‍ കൊക്കോകോള, ബിനോയ് കൊട്ടാരക്കര, മുത്തലിബ് കാലിക്കറ്റ്, അല്‍താഫ് കാലിക്കറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പിഎംഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.