റിയാദ്: ഉത്തരമലബാറിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ ആകാശ സ്വപ്‌നങ്ങള്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് തട്ടിത്തെറിപ്പിക്കുന്നത് കടുത്ത അനീതിയാണെന്ന് പ്രവാസി വെല്‍ഫെയര്‍ റിയാദ് കണ്ണൂര്‍ ജില്ലാകമ്മറ്റി. ‘കണ്ണൂര്‍ എയര്‍പോര്‍ട്ട്: ചിറകൊടിയുമോ കിനാവുകള്‍’ എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചാ സായാഹ്നം കടുത്ത പ്രതിഷേധത്തിനും വേദിയായി.
പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. പ്രതിമാസം 240 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുകയും കോവിഡാനന്തരം ഏറ്റവും കൂടുതല്‍ സര്‍വീസും നടത്തിയ ഇന്ത്യയിലെ പത്ത് എയര്‍പോര്‍ട്ടിലൊന്നാണ് കണ്ണൂരിലേത്. ഇതിനെ അവഗണിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കക്ഷി രാഷ്ട്രീയം മറന്ന് സര്‍ക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കേരള സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പ്, അല്ലെങ്കില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഒത്തുകളി. ഇതിലേതെങ്കിലുമൊന്നാണ് ദുരവസ്ഥക്ക് കാരണമെന്ന് പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ്ജ് പറഞ്ഞു. ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി ‘യാത്രാ ദുരിതവും പ്രവാസി പുനരധിവാസവും പരിഹരിക്കുവാന്‍ സര്‍വകക്ഷി സംഘം കേന്ദ്രം സന്ദര്‍ശിക്കണ’മെന്ന് പറഞ്ഞു.
മലബാറിലെ കുട്ടികള്‍ ഇന്ന് തെരുവിലാണെന്നും മലബാര്‍ എല്ലാ മേഖലയിലും അവഗണന അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എം സി സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, മാഹി കമ്മറ്റി പ്രസിഡന്റ് ആരിഫ്, തലശ്ശേരി വെല്‍ഫയര്‍ കമ്മിറ്റി സെക്രട്ടറി ഷമീര്‍ ടി. ടി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. ഓണ്‍ലൈന്‍ പരാതികളും ഒപ്പ് ശേഖരണവുമടക്കം വിവിധ പ്രക്ഷോഭപരിപാടികളുമായി പ്രവാസി വെല്‍ഫെയര്‍ മുന്നോട്ട് പോകുമെന്ന് അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് സലിം മാഹി പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ തയ്യാറാക്കിയ കണ്ണൂര്‍ എയര്‍പോര്‍ട്ട് സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. ജില്ലാ കമ്മറ്റി ഭാരവാഹികളായ മനാഫ് സ്വാഗതവും നജാത്തുല്ല നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.