Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

ടീ ബോയ് മാനേജറായി മാറിയ കാലം കഴിഞ്ഞു; സൗദിയില്‍ പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പരീക്ഷ നിര്‍ബന്ധം

സൗദി അറേബ്യയിലെ തൊഴില്‍ പരിഷ്‌കാരങ്ങളില്‍ സുപ്രധാനമാണ് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാം. അതിന്റെ അവസാന ഘട്ടം പൂര്‍ത്തിയായതോടെ 160 രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ സൗദിയില്‍ എത്തുന്നതിന് മുമ്പ് തൊഴില്‍ നൈപുണ്യം അതാതു രാജ്യങ്ങളില്‍ പരിശോധിക്കും. സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന തൊഴിലാളികളുടെ ഗുണനിലവാരും ഉയര്‍ത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യെേത്ത തൊഴില്‍ വിപണി നവീകരിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടപ്പിലാക്കിയത്. സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് പ്രാമുഖ്യം നല്‍കുന്നതിന് നടപ്പിലാക്കിയ നിതാഖാത്ത് വന്‍ വിജയമായിരുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിലും രാജ്യം കൈവരിച്ച നേട്ടം മികച്ചതാണ്. വിദേശികളുടെ കുത്തകയായിരുന്ന നിരവധി തൊഴിലുകളില്‍ ഇന്ന് സ്വദേശികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. 25നും 29നും ഇടയില്‍ പ്രായമുളള യുവ ജനതയുടെ തൊഴിലില്ലായ്മ ഗണ്യമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

തൊഴില്‍ വിപണി പൂര്‍ണമായും ശുദ്ധീകരിക്കുന്നതിന്റ ഭാഗമായി ശമ്പള സുരക്ഷാ പദ്ധതിയും നടപ്പിലാക്കി. സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ക്ക് നിശ്ചിത സമയത്ത് ബാങ്കുവഴി ശമ്പളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത്തരത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലും നവീകരണം നടപ്പിലാക്കി. ഇതിന് ശേഷമാണ് തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍ കൊണ്ടുവരുകയും ചെയ്തത്.

മൂന്നര കോടി ജനസംഖ്യയുളള രാജ്യമാണ് സൗദി അറേബ്യ. ഇതില്‍ 40 ശതമാനത്തിലധികം വിദേശികളാണ്. 160 ലോക രാജ്യങ്ങളിലുളള പൗരന്‍മാരാണ് തൊഴില്‍ തേടി സൗദി അറേബ്യയിലെത്തുന്നത്. ഓരോ രാജ്യത്തെയും തൊഴിലാളികളുടെ ശേഷിയും നൈപുണ്യവും വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ സൗദി തൊഴില്‍ വിപണിയ്ക്കു അനുസൃതമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാം നടപ്പിലാക്കിയിട്ടുളളത്. നൈപണ്യമുളള തൊഴിലാളികള്‍ തൊഴില്‍ വിപണിയ്ക്കു ഗുണകരമാകുമെന്നും മനുഷ്യ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

വിദേശ തൊഴിലാളികളുടെ യോഗ്യതയും നൈപുണ്യവും എഴുത്തു പരീക്ഷയും പ്രായോഗിക പ്രവര്‍ത്തി പരിശോധനയും നടത്തി ഉറപ്പുവരുത്തും. ഇതിനായി പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി മുഴുവന്‍ രാജ്യങ്ങളിലും നടപ്പിലാക്കി. വിദേശ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമായമാണ് പദ്ധതി നടപ്പാക്കുന്നത്.

സൗദിയിലേക്ക് തൊഴില്‍ തേടുന്ന വിദേശികളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തെളിയിച്ചിരുന്നു. ഘട്ടം ഘട്ടമായി ഓരോ രാജ്യത്തും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയും അതാതു രാജ്യങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പുവെച്ചുമാണ് പദ്ധതി നടപ്പയിലാക്കുന്നത്. ഇങ്ങനെ 160 രാജ്യങ്ങളിലും പ്രാബല്യത്തില്‍ വന്നതോടെ പദ്ധതിയുടെ അവസാന ഘട്ടം പൂര്‍ത്തിയാക്കാന്‍ മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിനു കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു മമ്പ് സൗദി മന്ത്രിസഭയാണ് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്. രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് അംഗീകാരമുളള അക്കാദമിക് യോഗ്യതകളും തൊഴില്‍ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യവും ഉണ്ടെന്നു ഉറപ്പു വരുത്താന്‍ പുതിയ പദ്ധതിയ്ക്കു കഴിയും.

തൊഴില്‍ മന്ത്രാലയം അംഗീകരിച്ച 1,007 തൊഴിലുകളില്‍ പ്രായോഗിക പരീക്ഷ നടത്തിയാകും ഇനി റിക്രൂട്ട്‌മെന്റ് നക്കെുക. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് എന്‍ജിനീയറിംഗ്, മെഡിക്കല്‍ രംഗത്തെ പ്രൊഫഷനകളെ 13 വിഭാഗമായി തിരിച്ചാണ് പരീക്ഷയും പ്രായോഗിക നൈപുണ്യവും പരിശോധിക്കുന്നത്. ഉത്പ്പാദന ക്ഷമത വര്‍ധിപ്പിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും തൊഴില്‍ നൈപുണ്യം അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് പ്രൊഫഷണല്‍ വെരിഫിക്കേന്‍ ലക്ഷ്യം വെക്കുന്നത്.

പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആദ്യം പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു നടപടിക്രമം പൂനത്തിയാക്കിയാണ് സര്‍ട്ടിഫിക്കേറ്റ് നേടണം. തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റ് പോര്‍ട്ടലില്‍ ബുക്ക് ചെയ്യാന്‍ കഴിയും. അംഗീകൃത പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സെന്ററിലെ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷക്കു മുമ്പായി അപേക്ഷകന്റെ വിവരങ്ങളും രേഖകളും പരിശോധിക്കും. എഴുത്തു പരീക്ഷയും പ്രാക്ടിക്കലും മൂല്യനിര്‍ണയം നടത്തി വിജയികള്‍ക്ക് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. പ്രൊഫഷനല്‍ തൊഴിലാളികളുടെ റിക്രൂട്ടിമെന്റിന് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

സൗദിയിലുള്ള വിദേശ തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്തുന്ന യോഗ്യതാ ടെസ്റ്റു സൗദി നടക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതക്കാനും യോഗ്യതാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്. അഞ്ചു വര്‍ഷം കാലാവധിയുളള വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റാണ് വിതരണണ ചെയ്യുന്നത്.

1970തുകളിലാണ് സൗദി അറേബ്യയിലേയ്ക്ക് മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ കുടിയേറ്റം ആരംഭിക്കുന്നത്. ഹജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി വരുന്നവര്‍ മടങ്ങി പോകാതെ തൊഴില്‍ കണ്ടെത്തി ജീവിച്ചിരുന്ന കാലമുണ്ടായിരുന്നു. അതിനു ശേഷം വര്‍ഷങ്ങളോളം ഫ്രീ വിസ എന്ന പേരില്‍ യാതൊരു നൈപുണ്യവും ഇല്ലാതെ സൗദിയിലെത്തി തൊഴില്‍ കണ്ടെത്തി. ഇവരിലേറെയും പുതിയ തൊഴില്‍ പരിശീലിക്കുകയും നവീന യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പഠിച്ചും നൈപുണ്യം നേടി. ടീ ബോയി ആയി ജോലിയില്‍ കയറിയവര്‍ അഡ്മിന്‍ മാനേജര്‍മാരായി. ഹെല്‍പ്പര്‍ മാരായി കമ്പനികളില്‍ കയറിയവര്‍ സൂപ്പര്‍വൈസറും ഫോര്‍മാന്‍മാരുമായി. സാമര്‍ത്ഥ്യമുളളവര്‍ വര്‍ഷങ്ങളോളം മുഹന്തിസ് അഥവാ എഞ്ചിനീയര്‍ തസ്തികയില്‍ വരെ വിജയകരമായി ജോലി ചെയ്തു.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലും നേടാതെ സൗദിയിലെത്തി അറബിയും ഹിന്ദിയും ഇംഗഌഷും പഠിച്ച് മികച്ച ശമ്പളത്തില്‍ ജാലി ചെയ്യുന്നവരുണ്ട്. എന്നാല്‍ പുതിയ കാലത്ത് ബിരുദം മാത്രം ഉണ്ടെങ്കില്‍ സൗദി തൊഴില്‍ വിപണിയില്‍ ജോലി ലഭിക്കണമെന്നില്ല. കേരളത്തില്‍ നിന്ന് ബിടെക്കു കഴിഞ്ഞവര്‍ സെയിത്സ്മാനായും ഓഫീസ് അസിസ്റ്റന്റായും ഇക്കാലത്ത് സൗദിയില്‍ ജോലി നോക്കുന്നുണ്ട്. എല്‍എല്‍ബി, എംബിഎ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതാകുന്ന അവസ്ഥയാണുളളത്.

ബിടെക് കഴിഞ്ഞ് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയവും പ്രൊഫഷണല്‍ വെരിഫിക്കേഷനും കഴിഞ്ഞാല്‍ മാത്രമാണ് സൗദി അറേബ്യയിലേയ്ക്കു എഞ്ചിനീയര്‍ പ്രൊഫഷനില്‍ വിസ സ്റ്റാമ്പു ചെയ്യുകയുളളൂ. നേരത്തെ പത്താം ക്ലാസ് തോറ്റവര്‍ക്കു പോലും മുംബൈയിലെ ട്രാവല്‍ ഏജന്‍സി തയ്യാറാക്കുന്ന വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ച് വിസ സ്റ്റാമ്പ് ചെയ്യാന്‍ കഴിയുമായിരുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ സൗദിയില്‍ തൊഴില്‍ തേടാന്‍ ആഗ്രഹിക്കുന്ന പുതു തലമുറ ഗൗരവത്തോടെ അറിയുകയും അതിനനുസരിച്ച് പഠന, പരിശീലന കാലത്ത് തന്നെ ശ്രദ്ധ ചെലുത്തുകയും വേണം.

പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ വികസന പദ്ധതികള്‍ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. മാത്രമല്ല, 2030ലെ വേള്‍ഡ് എക്‌സ്‌പോ, 2034 ഫിഫ വേള്‍ഡ് കപ്പ്, ലോകത്തെ എറ്റവും ഉയരം കൂടിയ കെട്ടിട സമുയ്യയത്തിന്റെ നിര്‍മാണം, നിയോം, ഖിദ്ദിയ, റെഡ് സീ പ്രൊജക്ടുകള്‍ തുടങ്ങി വന്‍കിട നിര്‍മാണങ്ങളുീം പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യ, നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം സൗദി അറേബ്യ വന്‍ മന്നേറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ പ്രതിഫലനം ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത് തൊഴില്‍ വിപണിയിലാണ്.

ഇതിനു പുറമെ വിഷന്‍ 2030 പദ്ധതി പ്രകാരം രാജ്യത്ത മുഴുവന്‍ പ്രവിശ്യകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 2030 ആകുന്നതോടെ 10 ലക്ഷത്തിലധികം തസ്തികകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു തൊഴില്‍ അന്വേഷകര്‍ക്ക് ധാരാളം അവസരം പ്രധാനം ചെയ്യും. വിദേശ തൊഴില്‍ ശക്തിയെ ഒഴിവാക്കി രാജ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അതുകൊണ്ടുതന്നെ ഉത്പ്പാദന ക്ഷമതയും കാര്യക്ഷമതയുമുളള തൊഴില്‍ ശക്തിയാണ് തൊഴില്‍ വിപണിയ്ക്ക് ആവശ്യമെന്ന തിരിച്ചറിവാണ് പൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം പോലുളള പദ്ധതികള്‍ നടപ്പിലാക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top