
റിയാദ്: 2026 ഡിസംബര്‍ വരെ കാത്തു നില്‍ക്കാതെ റിയാദ് ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് എത്രയും വേഗം ഇന്ത്യയിലേയ്ക്കു മടങ്ങാം. റീപ്രാട്രിയേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ട് പ്രകാരം ഇന്ത്യാ-സൗദി ഉഭയകക്ഷി കരാര്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അവസരം.

2003ല്‍ പ്രധാമന്ത്രി അടല്‍ ബിഹാരി വാച്‌പേയുടെ കാലത്ത് പാസാക്കിയ ആക്ട് പ്രകാരം തടവു ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ കുറ്റവവാളികളെ കൈമാറാന്‍ വ്യവസ്ഥയുണ്ട്. 2010 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ റിയാദ് സന്ദര്‍ശന വേളയില്‍ തടവില്‍ കഴിയുന്ന കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ചു ഇന്ത്യ-സൗദി ഉഭയ കക്ഷി കരാറും ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം അബ്ദുല്‍ റഹീമിന്റെ അവശേഷിക്കുന്ന തടവുകാലം ഇന്ത്യയിലേയ്ക്കു മാറ്റാം. അബ്ദുല്‍ റഹീമിനോ കുടുംബത്തിനോ ഇതു ആവശ്യപ്പെട്ടു ഇന്ത്യാ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാന്‍ അവകാശമുണ്ട്.

സൗദി കോടതി അന്തിമ വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ അപ്പീല്‍ കാലയളവ് കഴിഞ്ഞാല്‍ നയതന്ത്ര തലത്തില്‍ ഇതിനുളള നീക്കം നടത്തിയാല്‍ എത്രയും വേഗം റഹീമിന് ഇന്ത്യയിലോ, കേരളത്തിലെ ജെയിലിലോ അവശേഷിക്കുന്ന കാലം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇന്ത്യയിലെത്തിയാല്‍ നിയമപ്രകാരം പരോളിനും അര്‍ഹതയുണ്ട്.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ തടവു ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് റീപാട്രിയേഷന്‍ ആക്ട് നടപ്പിലാക്കിയത്. തടവുകാര്‍ക്ക് അവരുടെ മാതൃരാജ്യത്ത് അവശേഷിക്കുന്ന ശിക്ഷ അനുഭവിക്കാന്‍ അവസരം ഒരുക്കുന്നു എന്നതാണ് ആക്ടിന്റെ സവിശേഷത.

കൊലപാതകം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും കരാര്‍ പ്രകാരം ട്രാന്‍സ്ഫറിന് അര്‍ഹതയുണ്ട്. ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്നതിലൂടെ തടവുകാര്‍ക്ക് കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനും സമൂഹിക പിന്തണയും ലഭിക്കാനും അതുവഴി കുറ്റവാളികളെ പരിവര്‍ത്തനത്തിന് വിധേയനാക്കാനും കഴിയും എന്നാണ് വിലയിരുത്തുന്നത്. തടവുകാരോ അവരുടെ കുടുംബാംഗങ്ങളോ വിദേശ തടവില്‍ കഴിയുന്ന ആളെ മടക്കി കൊണ്ടുവരുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണം. അന്തിമ ഉത്തരവ് പുറപ്പെടുവിച്ച കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവരെ മടക്കി കൊണ്ടുവരുന്നതിന് ഇന്ത്യ 31 രാജ്യങ്ങളുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

യുകെ, മൗറീഷ്യസ്, ബള്‍ഗേറിയ, ഫ്രാന്‍സ്, ഈജിപ്ത്, ശ്രീലങ്ക, കമ്പോഡിയ, ദക്ഷിണ കൊറയ, ഇറാന്‍, ബംഗഌദേശ്, ബ്രസീല്‍, ഇസ്രായേല്‍, ബോസ്‌നിയ ഹെര്‍സെഗോവിമ, യുഎഇ, ഇറ്റലി, തുര്‍ക്കി, മാല്‍ദീവ്‌സ്, തായ്‌ലന്റ്, റഷ്യ, കുവൈത്ത്, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ഹോംഗ്‌കോഗ്, ഖത്തര്‍, മംഗോളിയ, കസാക്കിസ്ഥാന്‍, ബഹ്‌റൈന്‍, ഇസ്‌റ്റോനിയ, സോമാലിയ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ കരാര്‍ ഒപ്പുവെച്ചിട്ടുളളത്. 2018 വരെ 63 ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലെ ജയിലിലേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.